എയ്ഡഡ് കോളേജുകള്‍ക്ക് ‘നാക്’ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കും: കെ ടി ജലീല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ എയ്ഡഡ് കോളേജുകള്‍ക്കും ‘നാക്’ അക്രഡിറ്റേഷനും എന്‍ഐആര്‍എഫ് റാങ്കിംഗും നിര്‍ബന്ധമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍. നിശ്ചിത അക്രഡിറ്റേഷന്‍ നിലവാരമില്ലാത്ത കോളേജുകള്‍ക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കില്ല. സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിക്കും. കോളേജ് യൂണിയന്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത്. എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എയ്ഡഡ് കോളേജ് അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ മാനദണ്ഡം ഏര്‍പ്പെടുത്തും. ഗവേഷണ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ അധ്യാപകര്‍ക്കും വര്‍ഷത്തില്‍ ഒരു അന്താരാഷ്ട്ര ഗവേഷണ പ്രബന്ധമോ രണ്ട് ദേശീയതലത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളോ നിര്‍ബന്ധമാക്കും. അധ്യാപകര്‍ക്ക് ഐഎംജി മാതൃകയില്‍ വര്‍ഷത്തില്‍ രണ്ട് പരിശീലന പരിപാടികളെങ്കിലും സംഘടിപ്പിക്കും. ഇതില്‍ പങ്കാളിത്തം നിര്‍ബന്ധമാക്കും.

എയ്ഡഡ് കോളേജുകളില്‍ ഇനി സ്വാശ്രയ പ്രോഗ്രാമുകള്‍ അനുവദിക്കില്ല. എയ്ഡഡ് കോളേജിന്റെ അടിസ്ഥാനസൗകര്യം എയ്ഡഡ് മേഖലയ്ക്ക് മാത്രമായി നിജപ്പെടുത്തണം. പഠനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ ഗവേഷണാഭിരുചി വളര്‍ത്താന്‍ സ്റ്റാര്‍ട്ട്അപ്പ് ഗവേഷണകേന്ദ്രങ്ങളും സ്ഥാപിക്കണം. എയ്ഡഡ് കോളേജുകളിലെ അധ്യാപക സ്ഥാനക്കയറ്റത്തിന് യുജിസി മാനദണ്ഡം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും.പരീക്ഷാഹാളുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണം. പരാതിപരിഹാര സെല്‍, ആന്റി റാഗിങ് കമ്മിറ്റി, ആന്റി ഹരാസ്മെന്റ് സെല്‍ എന്നിവ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Top