മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും അദാലത്ത് സംഘടിപ്പിച്ചത് നിയമ വിരുദ്ധം

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍ അദാലത്ത് സംഘടിപ്പിച്ച് തീരുമാനം കൈകൊണ്ടത് നിയമവിരുദ്ധമാണെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട്. മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സര്‍വ്വകലാശാല ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത് അദാലത്ത് സംഘടിപ്പിച്ചതിനെതിരെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്.പരാതിക്കാരുടെയും സര്‍വകലാശാല അധികൃതരുടെയും വിശദീകരണങ്ങള്‍ നേരിട്ട് കേട്ടശേഷമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സര്‍വ്വകലാശാല അദാലത് സംഘടിപ്പിച്ചതും, അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്നു സര്‍വ്വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഫയല്‍ അദാലത്ത്കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും യൂണിവേഴ്‌സിറ്റി ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് വ്യക്തമാക്കാന്‍ തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ പറയുന്നു. സര്‍വ്വകലാശാല ഒരു സ്വയംഭരണ സ്ഥാപനം ആയതുകൊണ്ട് സര്‍വ്വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന 2003 ലെ സുപ്രീം കോടതി ഉത്തരവ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നടന്നതൊക്കെ നടന്നു കഴിഞ്ഞ സ്ഥിതിക്ക് അദാലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് താന്‍ കടക്കുന്നില്ലന്നും മേലില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്‌സിറ്റി അധികൃതര്‍ കൃത്യമായി പാലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പരാതി നല്‍കിയ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍, സെക്രട്ടറി എം ഷാജര്‍ഖാന്‍ എന്നിവര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവും. സാങ്കേതിക സര്‍വകലാശാല വി. സി. ഡോ എം സി രാജശ്രീക്ക് വേണ്ടി യൂണിവേഴ്‌സിറ്റി സ്റ്റാന്റിംഗ് കൗണ്‍സല്‍ എഡ്വിന്‍ പീറ്ററും ആണ് ഹിയറിങ്ങിനു ഹാജരായത്.

Top