ഗവര്‍ണറുടെ ഉത്തരവിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കില്ല; വ്യക്തമാക്കി ജലീല്‍

തൃശ്ശൂര്‍: അദാലത്ത് നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി കെ ടി ജലീല്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് മാധ്യമങ്ങളോട് ജലീല്‍ പറഞ്ഞത്. തോറ്റ വിദ്യാര്‍ത്ഥിയുടെ പുനര്‍മൂല്യനിര്‍ണയം ഗവര്‍ണര്‍ റദ്ദാക്കിയോ? അതിന്റെയര്‍ത്ഥം എന്താണെന്നും ജലീല്‍ ചിരിച്ചുകൊണ്ട് മാധ്യമങ്ങളോട് ചോദിച്ചു.

മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സാങ്കേതിക സര്‍വ്വകലാശാല ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത് അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും ക്രമവിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോറ്റ ഒരു ബിടെക് വിദ്യാര്‍ഥിയുടെ ഉത്തര കടലാസ് മൂന്നാമത് മൂല്യനിര്‍ണയം നടത്തിയ അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേല്‍ ഇടപെടാത്തതും നടപടി റദ്ദാക്കാത്തതും വിദ്യാര്‍ത്ഥിയുടെ ഭാവിയെക്കരുതിയാണെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സര്‍വ്വകലാശാല അദാലത് സംഘടിപ്പിച്ചതും, അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കുകയായിരുന്നു. സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്നു സര്‍വ്വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top