സർക്കാർ സംസ്ഥാനത്ത് 1,21,604 പട്ടയങ്ങൾ നൽകിയെന്ന് മന്ത്രി കെ. രാജൻ

ഈ സർക്കാർ സംസ്ഥാനത്ത് 1,21,604 പട്ടയങ്ങൾ നൽകിയെന്ന് മന്ത്രി കെ.രാജൻ. ഏറ്റവുമധികം പട്ടയങ്ങൾ നൽകിയത് പാലക്കാട് ആണ്. 25,485 പട്ടയങ്ങളാണ് പാലക്കാട് വിതരണം ചെയ്തത്. ഏറ്റവും കുറവ് പട്ടയം വിതരണം ചെയ്തതാകട്ടെ പത്തനംതിട്ടയിലാണ്. പത്തനംതിട്ടയിൽ 534 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

തിരുവനന്തപുരം- 2,481, കൊല്ലം- 1,614, ആലപ്പുഴ-1,043, കോട്ടയം- 1,138, ഇടുക്കി- 6,459, എറണാകുളം-3,992, തൃശൂര്‍- 22,577, മലപ്പുറം- 22,736, കോഴിക്കോട്-14,954, വയനാട്-3,739, കണ്ണൂര്‍-11,386, കാസർകോട്-3466 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ വിതരണം ചെയ്ത പട്ടയങ്ങൾ.

സംസ്ഥാനത്ത് 1666 വില്ലേജുകളിൽ ‎ 922 വില്ലേജുകളുടെ റീസർവേ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കി. “എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ ഡിജിറ്റലായി അളന്ന 89 വില്ലേജുകളും ഡിജിറ്റൽ സർവേ പുരോഗമിക്കുന്ന 27 വില്ലേജുകളും ഒഴികെയുള്ള 1550 വില്ലേജുകളിലെ ഡിജിറ്റൽ സർവേ റിക്കാർഡുകൾ നാലു വർഷംകൊണ്ട് പൂർത്തിയാക്കുന്നതിനുള്ള 858.42 കോടി രൂപയുടെ ബൃഹത് പദ്ധതി 2022 നവംബർ ഒന്നിന് സർക്കാർ തുടക്കം കുറിച്ചു.

പദ്ധതിയുടെ ആദ്യത്തെ മൂന്ന് വർഷങ്ങളിൽ 400 വില്ലേജുകൾ വീതവും, നാലാം വർഷം 350 വില്ലേജുകളും ഉൾപ്പെടെയാണ് ആകെ 1550 വില്ലേജുകൾ കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 200 വില്ലേജുകളിൽ 70 വില്ലേജുകളുടെ സർവേ നടപടികൾ പൂർത്തിയാക്കി സർവേ അതിരടയാള നിയമം 9(2) പ്രകാരമുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. 36 വില്ലേജുകളുടെ 90 ശതമാനം സർവേ ജോലികളും 27 വില്ലേജുകളുടെ 70-90 ശതമാനം ജോലികളും ബാക്കി വില്ലേജുകളുടെ സർവേ ജോലികൾ പുരോഗതിലാണ്.

Top