യഥാര്‍ഥ ഭക്തരാരും ദര്‍ശനം നടത്താതെ തിരികെ പോയിട്ടില്ല; എം.വിന്‍സെന്റിന് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. യഥാര്‍ഥ ഭക്തരാരും ദര്‍ശനം നടത്താതെ തിരികെ പോയിട്ടില്ല. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നല്ല രീതിയില്‍ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ വേറെയാണ്. പൊലീസ് ശരിയായ മുന്‍കരുതലകള്‍ എടുത്തുവെന്നും മന്ത്രി പറഞ്ഞു. എം വിന്‍സന്റ് എംഎല്‍എയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

ഇത്തവണത്തെ തീര്‍ത്ഥടനാ കാലം ദുരിതപൂര്‍ണമായിരുന്നു. അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പമ്പയില്‍ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെന്നും വിന്‍സന്റ് എംഎല്‍എ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി രംഗത്തെത്തിയത്. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ പദ്ധതികള്‍ക്കായി ഹൈപ്പവര്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പല പദ്ധതികള്‍ ശബരിമലയില്‍ നടന്നു വരുന്നു. എന്നാല്‍ ഭൂമി ലഭ്യമാക്കുന്നതില്‍ തടസങ്ങള്‍ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമലയെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടി എടുത്തോ എന്ന ജനീഷ് കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. ശബരിമലയില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം നടന്നു. കേസുകള്‍ എടുത്തിട്ടുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ചില വ്യാജ പ്രചരണം നടക്കുന്നു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയില്‍ വീഡിയോ വരുന്നു. കുഞ്ഞിന്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബര്‍ സെല്‍ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

താമസ സൗകര്യം ഉള്‍പ്പടെ വികസിപ്പിക്കേണ്ടതായുണ്ട്. ഇതിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് കേന്ദ്രത്തിന്റെ സഹായം വേണ്ടതായുണ്ട്. അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശബരിമലയിലെ തിരക്കില്‍ വ്യാജ പ്രചാരണം നടന്നു. ശബരിമലയില്‍ ഉണ്ടായത് അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായി ഇടപെട്ടു.ശബരിമലയെ തകര്‍ക്കാന്‍ ബോധപൂര്‍വം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.

ആന്ധ്രയില്‍ നടന്ന അക്രമം ശബരിമലയില്‍ നടന്നതെന്ന് വ്യാജമായി പ്രചരിപ്പിച്ചു. സൈബര്‍ പൊലീസ് നടപടി കടുപ്പിച്ചപ്പോള്‍ പ്രചാരണത്തിന് ശമനം ഉണ്ടായി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നല്ല രീതിയില്‍ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ വേറെയാണ്. പൊലീസ് ശരിയായ മുന്‍കരുതലകള്‍ എടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top