കൊച്ചി:എക്‌സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവച്ചു. ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് രാജി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രാജിക്കത്ത് കൈമാറിയതിനു ശേഷം എറണാകുളം പ്രസ് ക്ലബ്ബിലെത്തി മാധ്യമങ്ങളെ കണ്ടാണ് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്.
ഒരു കേസിലും ഈ നിമിഷം വരെ താന്‍ പ്രതിയല്ലെന്ന് ബാബു മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു. കോടതിയുടെ മുന്നില്‍ മദ്യരാജാവിന്റെ ഇന്റര്‍വ്യൂവിന്റെ പകര്‍പ്പ് മാത്രമാണ് ഉള്ളത്. ഈ നിമിഷം വരെ തനിക്ക് എന്നാണ് പണം കൈമാറിയതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിട്ടില്ല. വിജിലന്‍സിന്റെ മുന്നില്‍ തനിക്കെതിരെ മറ്റ് മൊഴികളില്ലെന്നും ബാബു പറഞ്ഞു.
നാല് പ്രാവശ്യം വിജിലന്‍സില്‍ മൊഴി കൊടുത്തപ്പോഴും തനിക്കെതിരായി ബിജു രമേശ് പറഞ്ഞില്ല. രഹസ്യമൊഴിയിലും തനിക്ക് പണം നല്‍കിയെന്ന് ബിജു ആരോപിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ സര്‍ക്കാരിനെ താഴെയിടാന്‍ പദ്ധതിയിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. ബിജുവിന്റെ ആരോപണത്തിന് പിന്നില്‍ കോടിയേരിയും ശിവന്‍കുട്ടിയുമാണെന്നും ബാബു ആരോപിച്ചു.
പൂട്ടിയ ബാര്‍ ഹോട്ടലുകള്‍ തുറക്കില്ലെന്ന് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ പറയാനും കേരളജനതക്ക് ഉറപ്പു നല്‍കാനും സിപിഎമ്മിന് കഴിയുമോയെന്നും ബാബു ചോദിച്ചു.
രാവിലെ, കോടതി വിധി വന്ന ശേഷം മാധ്യമങ്ങളോട് ബാബു പ്രതികരിച്ചിരുന്നില്ല. വിധി പഠിച്ച ശേഷം പ്രതികരിക്കാം എന്നു മാത്രമാണ് കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ ഉദ്ഘാടനത്തിന് ശേഷം ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരായ കോടതി പരാമര്‍ശം വന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചപ്പോഴും തന്റെ കാര്യത്തില്‍ കോടതി പരാമര്‍ശം വന്നാല്‍ സാങ്കേതികത്വം പറഞ്ഞ് തുടരില്ലെന്ന് ബാബു വ്യക്തമാക്കിയിരുന്നു. കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ ഇനി മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് ബാബുവിനുള്ളത്.
മാണിയുടെ രാജി വൈകിയത് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് രാജിക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം.പാര്‍ട്ടിയിലും മന്ത്രിസഭയിലും തന്റെ വലംകൈ ആയ കെ ബാബുവിന്റെ രാജി ഉമ്മന്‍ ചാണ്ടിക്ക് കനത്ത തിരിച്ചടിയാണ്.
ബാര്‍കോഴ കേസില്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ രാജിക്ക് തയ്യാറെന്ന് കെ.പി.സി.സി നേതൃത്വത്തെ ബാബു അറിയിച്ചിരുന്നു.
ബാര്‍ കോഴ ആരോപണത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനടക്കം ബാബുവിനെ കൈവിട്ടിരുന്നു. മന്ത്രി കെ എം മാണിയെ രാജി വയ്പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാബുവിനെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍ ഉണ്ടായത്.
ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന കോടതിയുടെ പരാമര്‍ശം ഗൗരവതരമാണെന്ന് വി.എം സുധീരന്‍ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട നേതാക്കളുമായി ആലോചിച്ച ശേഷം ഉചിതമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി പരാമര്‍ശം വന്നയുടന്‍ ബാബു സുധീരനെ ഫോണില്‍ വിളിച്ച് രാജിസന്നദ്ധത അറിയിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ നിലപാട്.
കെ മാണിക്കും കെ ബാബുവിനും ഇരട്ട നീതിയെന്ന നേരത്തെ തന്നെ മുന്നണിയില്‍ നിന്നും ആക്ഷേപമുയര്‍ന്നിരുന്നു.
ബാര്‍ കോഴ ആരോപണത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിനെതിരെയും വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശനം കോടതി ഇന്ന് നടത്തിയിരുന്നു.


