മന്ത്രി ജലീല്‍ പറഞ്ഞത് കള്ളമെന്ന്, കസ്റ്റംസ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി ?

കൊച്ചി: മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു. ഇതു വരെ യു.എ.ഇ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലില്‍ മതഗ്രന്ഥമില്ലന്ന റിപ്പോര്‍ട്ട് കസ്റ്റംസ് കേന്ദ്ര സര്‍ക്കാറിന് നല്‍കിയതായാണ് സൂചന. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ആന്‍ ആണെന്നാണ് ജലീല്‍ പറയുന്നത്. എന്നാല്‍, കസ്റ്റംസ് കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത് സാധൂകരിക്കുന്നില്ല. എന്തായാലും അത്രയധികം പുസ്തകങ്ങള്‍ ഒന്നിച്ച് എത്തിച്ചുവെങ്കില്‍, രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ഭാരം കാണും. ഇതുവരെ ഒരു മാര്‍ഗത്തില്‍ക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് റിപ്പോര്‍ട്ടില്‍ അവശ്യപ്പെടുന്നത്. ഈ റിപ്പോര്‍ട്ട് ധനമന്ത്രാലയത്തില്‍ എത്തിയതായാണ് അറിവ്.

അതേസമയം, കേസില്‍ ഇ.ഡി.യുടെ കസ്റ്റഡിയിലുള്ള സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള പ്രാരംഭനടപടികളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.വിവിധ ബാങ്കുകളില്‍നിന്ന് ഇവരുടെ ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്‍.ഐ.എ.യുടെ എഫ്.ഐ.ആര്‍. പ്രകാരംതന്നെ ഈ നടപടികളും തുടങ്ങാനാവും. പ്രതികളുടെ സാമ്പത്തികനേട്ടവും വിദേശനിക്ഷേപം ഉണ്ടോയെന്നതും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിന് ഹവാലപ്പണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചത്.

ഇതിനിടെ, യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് മറ്റൊരു മന്ത്രി സന്ദര്‍ശനം നടത്തിയതായും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഈ മന്ത്രിയുമായി പരിചയമുണ്ടെന്ന് ഇപ്പോള്‍ പിടിയിലുള്ള വ്യക്തികളുടെ മൊഴിയിലുണ്ട്. ഇതിനപ്പുറം എന്തെങ്കിലും ബന്ധമുണ്ടോ, കസ്റ്റംസ് നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നതും അന്വേഷിക്കും.

Top