അജയ് മിശ്ര ക്രിമിനല്‍, പുറത്താക്കൂ . . സഭയില്‍ ആക്രോശിച്ച് രാഹുല്‍, വിലക്കി സ്പീക്കര്‍

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷ കൂട്ടക്കൊലയില്‍ കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് പങ്കുണ്ടെന്നും മന്ത്രി രാജി വയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മിശ്രയെ ക്രിമിനല്‍ എന്നാണ് രാഹുല്‍ സഭയില്‍ വിശേഷിപ്പിച്ചത്.

‘ഈ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. അദ്ദേഹം ക്രിമിനലാണ്. ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന് പങ്കുണ്ട്്.’ – പ്രതിപക്ഷ ബഹളത്തിനിടെ രാഹുല്‍ പറഞ്ഞു. ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ നാല് കര്‍ഷകര്‍ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടിരുന്നത്. മന്ത്രി അജയ് മിശ്രയുടെ മകന്‍ അടക്കം 13 പേരെ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റില്‍ രാഹുല്‍ വിഷയം സംസാരിക്കവെ സ്പീക്കര്‍ ഓം ബിര്‍ള പല തവണ ഇടപെട്ടു. ‘ലഖിംപൂര്‍ ഖേരിയില്‍ കൊലപാതകം നടന്നിരിക്കുന്നു. അതില്‍ കേന്ദ്രമന്ത്രിക്ക് പങ്കുണ്ട്. ആ വിഷയത്തില്‍ ഞങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കര്‍ഷകരെ ദ്രോഹിച്ചിരിക്കുന്നു. അദ്ദേഹം ഗൂഢാലോചനയില്‍ പങ്കാളിയാണ്. മന്ത്രിക്ക് ശിക്ഷ ലഭിക്കണം.’ ഈ വേളയില്‍ ഇടപെട്ട സ്പീക്കറോട് പറയാന്‍ അനുവദിക്കൂ എന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍, സംസാരിക്കൂ എന്ന് പറഞ്ഞ ബിര്‍ല വീണ്ടും ഇടപെട്ടു. സംഭവത്തില്‍ മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് സംസാരിക്കവെ സ്പീക്കര്‍ അടുത്ത ചോദ്യത്തിലേക്ക് നീങ്ങുകയായിരുന്നു.

ഭരണ-പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ടു മണി വരെ നിര്‍ത്തിവച്ചു. ഇന്നലെയും കോണ്‍ഗ്രസ് ലഖിംപൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

Top