Minister Giriraj Singh Again: ‘Need 2-Child Rule

പട്ന: ഹിന്ദു പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി നിലവിലെ ജനസംഖ്യാനയത്തില്‍ മാറ്റം വരുത്തണമെന്ന് വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.

രണ്ടു കുട്ടി നയം നടപ്പാക്കാത്തവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും നയം നടപ്പാക്കില്ലെങ്കില്‍ ഹിന്ദു പെണ്‍കുട്ടികളെ പാകിസ്താനിലെ പോലെ ശിരോവസ്ത്രം മൂടി സംരക്ഷിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

പശ്ചിമ ചമ്പാരനിലെ ബഗാഹയില്‍ നടന്ന സാംസ്‌കാരിക യാത്രയില്‍ സംസാരിക്കവേ ഹിന്ദു ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ചെറുകിട വ്യവസായ മന്ത്രിയുടെ പ്രസ്താവന.

‘ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും രണ്ട് ആണ്‍കുട്ടികളേ പാടുള്ളൂ. ‘നമ്മുടെ’ ജനസംഖ്യ കുറയുകയാണ്. ബീഹാറില്‍ ഇത്തരത്തില്‍ ആറ് ജില്ലകളിലാണ് കുറയുന്നത്.

ജനസംഖ്യാ നയം മാറ്റിയാലേ നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാകൂ. ഇല്ലെങ്കില്‍ പാകിസ്താനിലെപ്പോലെ നമ്മളും പെണ്‍മക്കളെ ശിരോവസ്ത്രത്തില്‍ സംരക്ഷിക്കേണ്ടി വരും’ -ബി.ജെ.പി. എം.പി. സതീഷ് ദുബെ, ആര്‍.എസ്.എസ്.നേതാവ് നാഗേന്ദ്രജി എന്നിവരുള്‍പ്പെടെ നിരവധി ആര്‍.എസ്.എസ്.

പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഗിരിഗാജ് സിങ് പറഞ്ഞു. ബീഹാറിലെ കിഷന്‍ഗഞ്ച്, അരാറിയ ജില്ലകളില്‍ ഹിന്ദുക്കളേക്കാള്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു പ്രസംഗം.

ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ‘ഭാരത് വര്‍ഷ’ എന്ന പേര് രാജ്യത്തിന് നഷ്ടപ്പെടും. മതത്തെ സംരക്ഷിക്കണം -മന്ത്രി ആഹ്വാനം ചെയ്തു.

ബി.ജെ.പിയുടെ വിഭാഗീയ രാഷ്ടീയം പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷത്തിന്റെ ആവശ്യമില്ലെന്നും ഗിരിരാജിനെപ്പോലുള്ള മന്ത്രിമാര്‍ തന്നെ ധാരാളമാണെന്നും ആര്‍.ജെ.ഡി.ദേശീയ വക്താവ് മനോജ് കുമാര്‍ ഝാ പ്രതികരിച്ചു.

2014 ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മോദിയെ വിമര്‍ശിക്കുന്നവരെ പാകിസ്താനിലയയ്ക്കണമെന്ന് പ്രസംഗിച്ച് കേസിലകപ്പെട്ടയാളാണ് ഗിരിരാജ് സിങ്. രാജ്യത്ത് ഭീകര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നവരെല്ലാം പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെന്നായിരുന്നു മറ്റൊരു പ്രസംഗം.

Top