എ ആര്‍ നഗറില്‍ സമരക്കാര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍

G sudhakaran

മലപ്പുറം: മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സമരക്കാര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. സമരക്കാരുടേത് വിധ്വംസക പ്രവര്‍ത്തനമാണെന്നും അദ്ദേഹം ആരോപിച്ചു. അലൈന്‍മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്നും എല്ലാവരും ചേര്‍ന്ന് സമവായത്തില്‍ എത്തട്ടേയെന്നും മന്ത്രി അറിയിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞിരുന്നു. സ്ഥലത്ത് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധകാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കു പരുക്കുണ്ട്. ദേശീയപാത ഭൂമിയെടുപ്പില്‍ മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമാണ് എആര്‍ നഗര്‍ മേഖലയിലെ പ്രശ്‌നം. നിലവിലെ ദേശീയപാത ഉപേക്ഷിച്ചു പുതിയ 50 മീറ്റര്‍ ഭൂമി പുതുതായി എടുക്കുകയാണു ചെയ്യുന്നത്. നിലവിലെ ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നു പറഞ്ഞാണു പുതിയ അലൈന്‍മെന്റ് നിശ്ചയിച്ചത്.

32 വീടുകളും കടകളും രണ്ടു ചെറിയ കവലകളും നഷ്ടമാകുമെന്നു നാട്ടുകാര്‍ പറയുന്നു. പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാന്‍ തയാറാണെന്നു കമ്മിറ്റികള്‍ അറിയിച്ചിട്ടുണ്ടെന്നും അലൈന്‍മെന്റില്‍ മറ്റു താല്‍പ്പര്യങ്ങളാണെന്നുമാണു നാട്ടുകാരുടെ ആരോപണം.

Top