ഭാരത് അരി;കേന്ദ്ര സർക്കാർ രാഷ്ട്രീയക്കളിക്ക് ത‍ൃശൂരിൽ ഇറങ്ങിയിരിക്കുകയാണെന്ന് മന്ത്രി ജി.ആർ.അനിൽ

കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ഭാരത് റൈസ്’ അരി വിതരണം ത‍ൃശൂരിൽ തുടങ്ങിയതിനു പിന്നാലെ കേന്ദ്രസർക്കാരിന് എതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. മോദിയുടെ പടം വച്ച് അരി വിതരണം ചെയ്യുന്ന രീതി കേരളത്തിനും രാജ്യത്തിനും യോജിച്ചതല്ലെന്നു മന്ത്രി പറഞ്ഞു.

‘‘ഒരു ഫെഡറൽ സംവിധാനത്തിൽ ഭക്ഷ്യവിതരണത്തിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ പിന്തുണ കൊടുക്കേണ്ട കേന്ദ്ര സർക്കാർ വെറും രാഷ്ട്രീയക്കളിക്ക് ത‍ൃശൂരിൽ ഇറങ്ങിയിരിക്കുകയാണ്. 29 രൂപയുടെ ഭാരത് അരി മറ്റൊരു സംസ്ഥാനത്തെയും വിപണിയിൽ വന്നിട്ടില്ല. എന്തിനാണു കേരളത്തിൽ തിരക്ക് കൂട്ടി ഇറക്കിയത്. കേരളത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന റേഷൻ സംവിധാനമുണ്ട്. റേഷൻ കടകളിലൂടെ അരി വിതരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ മര്യാദ. സംസ്ഥാന സർക്കാരിനെതിരെ ചിന്തിപ്പിക്കാൻ വേണ്ടി സങ്കുചിതമായ വിലകുറഞ്ഞ രാഷ്ട്രീയമാണ് നരേന്ദ്ര മോദി കളിക്കുന്നത്’’– മന്ത്രി പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ വകുപ്പിനു കീഴിലുള്ള നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ അഗ്രികൾചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) എന്നീ സഹകരണ സ്ഥാപനങ്ങൾ വഴിയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ൽ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാർ ഔട്‌ലെറ്റുകൾ വഴിയുമാണു കേരളത്തിൽ ഭാരത് റൈസ് വിതരണം ചെയ്യുന്നത്.

 

Top