ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണകിറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്ത് ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് അറിയിച്ചു. നെല്‍ കര്‍ഷകര്‍ക്ക് ഉള്ള മുഴുവന്‍ കുടിശികയും കൊടുത്ത് തീര്‍ത്തു. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദേശം നല്‍കി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം അധികൃതര്‍ തടഞ്ഞു. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വരുന്നതു വരെ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ അഭിപ്രായമാണ് കിറ്റ് വിതരണം തടയുന്നതിലേക്ക് നയിച്ചത്. കലക്ട്രേറ്റില്‍ വെള്ളിയാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ‘ഇപ്പോള്‍ കിറ്റ് നല്‍കാമോ ‘എന്ന അഭിപ്രായമാണ് കിറ്റ് വിതരണം തടയുന്നതിന് കാരണം .

പ്രതിപക്ഷത്തെ ചിലരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്തരം സംശയം വന്നതെന്നാണ് സൂചന. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പേ നടപടികള്‍ തുടങ്ങിയതിനാലും സര്‍ക്കാര്‍ നയപരമായ തീരുമാനം പ്രഖ്യാപിച്ചതിനാലും ഇക്കാര്യത്തില്‍ പെരുമാറ്റച്ചട്ട ലംഘനം വരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Top