സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ല: ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ലെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ കേന്ദ്രസർക്കാർ അനുവദിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതോടെ മുൻപ് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലമുണ്ടായ സാഹചര്യം മറികടക്കാൻ സംസ്ഥാനത്തിന് സാധിക്കുമെന്ന് മന്ത്രി. മാത്രമല്ല ,മണ്ണെണ്ണ കമ്പനികളുമായി സംസാരിച്ച് കൂടുതൽ മണ്ണെണ്ണ വാങ്ങാനുള്ള സാധ്യത നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കരുതൽ ശേഖരത്തിലുള്ള മണ്ണെണ്ണ ഈ മാസം 16 വരെ മഞ്ഞ കാർഡുകാർക്ക് പഴയ വിലയായ 53 രൂപയ്ക്ക് തന്നെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണെണ്ണയുടെ വില വർധനവ് അസഹനീയമാണെന്നാണ് മന്ത്രി പറഞ്ഞത്. വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് പൂർണമായും വിട്ടുകൊടുക്കുന്ന കേന്ദ്രത്തിന്റെ നയമാണ് വില ഈ വിധം വർധിക്കാനുള്ള കാരണം. വിഹിതം കുറച്ചുകൊണ്ടുവരികയാണ് കേന്ദ്രത്തിന്റെ നയമെന്നും മന്ത്രി വിമർശിച്ചു.

മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം കൂടുതൽ മണ്ണണ്ണ അനുവദിച്ചത്. കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം നേരത്തെ നൽകാനും നിർദേശമുണ്ട്. എന്നാൽ വില ലിറ്ററിന് 81 രൂപയിൽ കുറയില്ല. കേന്ദ്ര മന്ത്രാലയവും ഉന്നതതല ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുമെന്ന തീരുമാനം കൈകൊണ്ടത്.

Top