ശിശുമരണങ്ങള്‍ തുടര്‍ക്കഥ; അട്ടപ്പാടിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് കെ. രാധാകൃഷ്ണന്‍

പാലക്കാട്: ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്ന അട്ടപ്പാടിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് പട്ടിക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പോഷകാഹാരം നല്‍കുന്നതിനുള്ള പദ്ധതിയുണ്ടായിട്ടും ശിശുമരണം എങ്ങനെ ഉണ്ടാവുന്നു എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

24 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ചത്. വിവിധ ഊരുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മന്ത്രിയുടെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു.

അട്ടപ്പാടിയിലെ സാഹചര്യം വകുപ്പുകള്‍ സംയുക്തമായി പരിശോധിക്കുമെന്നും പോഷകാഹാരക്കുറവ് സംബന്ധിച്ച വിശദമായ പഠനം നടത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പറഞ്ഞു.

Top