സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് ന്യായീകരിച്ച് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് ന്യായീകരിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. വില വര്‍ധിപ്പിക്കുന്നത് സപ്ലൈകോയെ നിലനിര്‍ത്താനാണ്. സബ്‌സിഡി നല്‍കുന്നതിലൂടെ പ്രതിമാസം 50 കോടിയാണ് സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാകുന്നുണ്ടെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടിയാലും അപ്പോഴും മാര്‍ക്കറ്റ് വിലയേക്കാള്‍ ചുരുങ്ങിയത് 500 രൂപയുടെ ലാഭം ഒരു കാര്‍ഡ് ഉടമയ്ക്ക് ഉണ്ടാകും എന്നാണ് വില എത്ര കൂടുമെന്ന ചോദ്യത്തിന് സപ്ലൈകോ നല്‍കുന്ന മറുപടി. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മുളക്, വന്‍ പയര്‍, എന്നിവയ്ക്ക് കാര്യമായ വര്‍ധനയുണ്ടായേക്കും. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നതിലൂടെ മാസം ശരാശരി 50 കോടിയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്ക് ഉണ്ടാകുന്നത് എന്നാണ് വിശദീകരണം. നിരക്ക് വര്‍ദ്ധനയിലൂടെ ഈ ബാധ്യത പത്ത് കോടിയിലേക്ക് ചുരുക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. വിശദമായ കൂടിയാലോചന വേണ്ട വിഷയത്തില്‍ ധൃതിയില്‍ തീരുമാനം ഉണ്ടാകില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കുന്നു.

ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, തുവര പരിപ്പ്, കടല,പഞ്ചസാര, ഓരോ കിലോ വീതം, മുളക്, മല്ലി അര കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, ജയ, കുറുവ, മട്ട, പച്ചരി എന്നീ നാല് അരിയും ചേര്‍ത്ത് പരമാവധി 10 കിലോ, ഇതാണ് ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് ഒരു മാസം സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന പരമാവധി സാധനങ്ങളുടെ അളവ്. ഇത്രയും സാധനങ്ങള്‍ ഒരു സപ്ലൈകോ ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയാല്‍ ചെലവ് 680 രൂപയോളം വരും. ഇതേ സാധനങ്ങള്‍ നേരത്തെ പറഞ്ഞ അളവില്‍ പൊതു വിപണിയില്‍ നിന്ന് വാങ്ങിയാലോ ചെലവ് 1470 ന് അടുത്ത്. അതായത് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലാഭം 780 രൂപയോളം.സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടുമ്പോള്‍ പ്രതിമാസം ചുരുങ്ങിയത് 250 രൂപയോളം കാര്‍ഡ് ഉടമയ്ക്ക് അധിക ചെലവ് ഉണ്ടായേക്കും. ഒരു മാസം അനുവദനീയമായ സബ്‌സിഡി സാധനങ്ങളും അതിന്റെ മാര്‍ക്കറ്റ് വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 780 രൂപയോളം വ്യത്യാസമുണ്ട്. വില കൂട്ടുമ്പോള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 500 രൂപയെങ്കിലും ലാഭമുണ്ടാകും വിധം വര്‍ധന നടപ്പാക്കാനാകും സര്‍ക്കാരിന്റെ നീക്കം. നവ കേരള സദസ്സിന് ശേഷം വര്‍ധന നടപ്പാക്കാനാണ് തീരുമാനം.

 

Top