മില്‍മ പാല്‍ വില വര്‍ധനവ് ഉറപ്പാണെന്ന് മന്ത്രി ചിഞ്ചുറാണി

മില്‍മ പാല്‍ വില വര്‍ധനവ് ഉറപ്പാണെന്ന് മന്ത്രി ചിഞ്ചുറാണി. മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപയില്‍ കുറയാത്ത വര്‍ധനവ് ഉണ്ടാകുമെന്നും വില കൂട്ടാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വില വര്‍ധിപ്പിച്ചാലേ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകൂ. എത്ര രൂപയാണ് വര്‍ധിപ്പിക്കുന്നതെന്ന കാര്യത്തില്‍ ഏതാനും ദിവസത്തിനകം തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാലിന് വില കൂട്ടണമെന്ന് മില്‍മ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എത്രത്തോളം വര്‍ധനവ് വേണം വര്‍ധിപ്പിക്കുന്നതിന്റെ എത്ര ശതമാനം കര്‍ഷകര്‍ക്ക് കിട്ടും തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നത്. പാല്‍ ലിറ്ററിന് ഏഴ് മുതല്‍ എട്ട് രൂപവരെ കൂട്ടണമെന്ന ആവശ്യമാണ് മില്‍മ നിയോഗിച്ച സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. ലിറ്ററിന് ഏഴു മുതല്‍ എട്ടു രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത്രയെങ്കിലും വര്‍ധിപ്പിച്ചാല്‍ മാത്രമേ കമ്മിഷനും മറ്റു ചെലവും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂകയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

Top