ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം: മാപ്പ് പറഞ്ഞ് ദിണ്ടിഗല്‍ ശ്രീനിവാസന്‍

ചെന്നൈ: ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് വനംമന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍. സംഭവത്തില്‍ മന്ത്രിക്കെതിരെ വന്‍പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ് മന്ത്രി രംഗത്തെത്തിയത്.
ഊട്ടിയിലെ ഗസ്റ്റ്ഹൗസില്‍ കുട്ടിയും മാതാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത് സംഭവത്തില്‍ അഗാധമായ ദുഖമുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതോടെ മന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ കുട്ടിയും മാതാവും തയാറായി.

14 വയസ്സുള്ള ബാലന്‍ തനിക്ക് അപമാനം നേരിട്ടുവെന്ന് കാണിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാക്കവിഭാഗങ്ങളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം ഉപയോഗിച്ച് സംഭവത്തില്‍ നടപടി എടുക്കണമെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.

നീലഗിരിയിലെ മുദുമലൈ ടൈഗര്‍ റിസര്‍വില്‍ (എംടിആര്‍)ആനകള്‍ക്കുള്ള സുഖചികിത്സാ ക്യാംപ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ ചുറ്റും കൂടി നിന്നവരില്‍നിന്ന് കുട്ടിയെ വിളിച്ചുവരുത്തുകയും ചെരുപ്പ് അഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയാണ് മന്ത്രി ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ബാലന്‍ മന്ത്രിയുടെ ചെരുപ്പഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടു.

Top