അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലന്‍സുകളുടെ സേവനം മെച്ചപ്പെടുത്തുമെന്ന് ഏകോപിപ്പിക്കാനും ഒരുങ്ങി ഗതാഗത വകുപ്പ്. ഇതിനായി പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാനും ഐഎംഎയുമായി സഹകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. അംഗീകൃത ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂവെന്നും നിര്‍ദ്ദേശം നല്‍കും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ.

പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തും. ആംബുലന്‍സുകളെക്കുറിച്ച് ഉയരുന്ന പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.

Top