വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിലെ ഒരു മന്ത്രിയും സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചിട്ടില്ല. പ്രതിപക്ഷം സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

അതേസമയം വിഴിഞ്ഞം സമരത്തില്‍ ബാഹ്യഇടപെടല്‍ സംശയിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരസിമതി ഉന്നയിച്ച ബഹുഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചിട്ടും സമരം നിര്‍ത്തിവെക്കാന്‍ തയ്യാറാകുന്നില്ല. പദ്ധതി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ബാലിശമായ വാദമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. അതാര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Top