ദേശീയപണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും: ആന്റണി രാജു

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുത്ത കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പിടിക്കും. കഴിഞ്ഞ 28,29 തീയതികളിലെ ദേശീയ പണിമുടക്കിൽ പങ്കെടുത്തവർക്ക് ഡയസ് നോൺ നടപ്പാക്കണമെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഇന്നുതന്നെ ഗതാഗത വകുപ്പ് കെഎസ്ആർടിസി മാനേജ്‌മെന്റിന് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയേക്കും. ഈ നടപടിയിൽ മന്ത്രിയെന്ന നിലയിൽ താൻ ഇടപെടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

പണിമുടക്കിയ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവർക്കും വൈകി എത്തിയവർക്കും എതിരെയും നടപടി ഉണ്ടാകും. ശമ്പളം ലഭിച്ചില്ലെന്ന് ആരോപിച്ച് ഈ മാസം അഞ്ചിന് പണിമുടക്കിയ ജീവനക്കാരുടെ വേതനം പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പത്താം തീയതി ശമ്പളം നൽകാനാണ് സർക്കാർ ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂചനാ പണിമുടക്ക് നടത്തരുതെന്ന് തൊഴിലാളി യൂണിയനുകളോട് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിന്റെ വാക്കു മുഖവിലയ്‌ക്കെടുക്കാതെ, ജനങ്ങളെ പെരുവഴിയിലാക്കി ജീവനക്കാർ സമരം നടത്തുകയാണ് ചെയ്തത്. ഇങ്ങനെ ചെയ്തശേഷം ഇനി ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് മന്ത്രി ആന്റണി രാജു ചോദിച്ചു.

സർക്കാരിന്റെ വാക്ക് വിശ്വസിക്കാതെയല്ലേ യൂണിയനുകൾ സമരത്തിന് പോയത്. സർക്കാർ നൽകിയ ഉറപ്പ് അംഗീകരിക്കാൻ യൂണിയനുകൾ തയ്യാറായിരുന്നെങ്കിൽ പത്താം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുമായിരുന്നല്ലോ. ആ ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ലെങ്കിൽ, സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയാൽ മനസ്സിലാക്കാം. പക്ഷെ ഇവിടെ സർക്കാരിന്റെ ഉറപ്പ് മാനിക്കാതെ എടുത്തുചാടി സമരം നടത്തിയതിന് ഉത്തരവാദി സർക്കാരോ മാനേജ്‌മെന്റോ ആണോയെന്ന് മന്ത്രി ചോദിച്ചു.

തൊഴിലാളി യൂണിയനുകൾ ഇതിന് ഉത്തരം പറയണം. പത്താം തീയതി ശമ്പളം കൊടുക്കാൻ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന്, സർക്കാർ വിചാരിച്ചാൽ അതിനുള്ള വഴി കണ്ടെത്താനാകില്ലേയെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. അതിനുള്ള വഴി കണ്ടെത്തിയിട്ടാണ് സർക്കാർ ഇത്തരമൊരു ഉറപ്പ് നൽകിയത്. എന്നാൽ അതു മുഖവിലയ്‌ക്കെടുക്കാൻ പോലും കൂട്ടാക്കാത്ത നിലയ്ക്ക് സർക്കാർ ഇനി എന്തിന് ഇടപെടണം. പ്രതിസന്ധിയിൽ ആക്കിയവർ തന്നെ പരിഹാരം കാണട്ടെ. ശമ്പളക്കാര്യം സമരക്കാരും മാനേജ്‌മെന്റും തീരുമാനിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ സിഐടിയു യൂണിയൻ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. പക്ഷെ യൂണിയൻ നേതൃത്വത്തെ മറികടന്ന് നിരവധി തൊഴിലാളികൾ പണിമുടക്കിയിരുന്നു. ശമ്പളം അഞ്ചുദിവസം വൈകിയാൽ പണിമുടക്കി ജനങ്ങളെ വഴിയാധാരമാക്കി പെരുവഴിയിലാക്കും, സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് വാശിപിടിച്ചാൽ ആ നിലപാട് ഇനി അംഗീകരിക്കാൻ കഴിയില്ല. ഇത് കുറേക്കാലമായി തുടർന്നുവരികയാണ്. ഇതിന് ഒരു അന്ത്യമുണ്ടാക്കണം. സർക്കാരിനെ മുൾമുനയിൽ നിർത്തി, ഭീഷണിപ്പെടുത്തി കാര്യം കാണാമെന്നുള്ള നേതാക്കന്മാരുടെ മനോഭാവം മാറാതെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

Top