ബഫര്‍സോണ്‍ സമരം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: ബഫര്‍സോണ്‍ സമരം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍. രാഷ്ട്രീയലാഭത്തോടെയുള്ള ഇടപെടലാണെന്ന് മന്ത്രി വിമര്‍ശിച്ചു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മലയോര മേഖലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത് പൂര്‍ണ്ണമായും രാഷ്ട്രീയ മുതലെടുപ്പാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

‘ഉപഗ്രഹ സര്‍വേ പൂര്‍ണമാകുമോ എന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു. അത് മാത്രം മതിയെന്ന് തീരുമാനമെടുത്തിട്ടില്ല. വിദഗ്ധ സമിതി ഉപഗ്രഹ സര്‍വേയുടെ പോരായ്മകള്‍ പരിശോധിക്കും. ഉപഗ്രഹ സര്‍വേ കരട് രേഖ മാത്രമായാണ് പരിഗണിക്കുന്നത്. പരാതികള്‍ പരിഹരിക്കാന്‍ തിയതി നീട്ടാന്‍ വിദഗ്ധ സമിതിയോട് ആവശ്യപ്പെടും. ജനവാസ മേഖലയെ മുഴുവന്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

കേന്ദ്ര ഉന്നതാധികാര സമിതി വഴി വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഒരുമിച്ച് നിന്ന് പോരാടേണ്ടതാണ്’, എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് സമരം ഏകോപിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ചൊവ്വാഴ്ച്ച കൂരാചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. ഉപഗ്രഹ സര്‍വേയില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സമരം.

Top