ചെര്‍പ്പുളശ്ശേരി പീഡനക്കേസ്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണം; എകെ ബാലന്‍

ചെര്‍പ്പുളശ്ശേരി: സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ ഭാവിയില്‍ ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ എം ബി രാജേഷ് എംപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് എ കെ ബാലനും ആരോപണങ്ങളെ തള്ളി രംഗത്തെത്തിയത്.

ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പറഞ്ഞത്. ഇരുവരും സ്വകാര്യ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു.

യുവതിയുടെ പരാതിയില്‍ ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തു. അതേസമയം ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി

Top