‘ജമാഅത്ത് ഭാരവാഹികള്‍ ആവശ്യങ്ങള്‍ ഫിഷറീസ് മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു: മന്ത്രി ദേവര്‍കോവില്‍

തിരുവനന്തപുരം: ജമാഅത്ത് ഭാരവാഹികള്‍ അവരുടെ ആവശ്യങ്ങള്‍ ഫിഷറീസ് മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അവരുടെ ആവശ്യം പഠിക്കാന്‍ കളക്ടറും വിസില്‍ ഭാരവാഹികളും സ്ഥലം സന്ദര്‍ശിക്കും എന്നും അറിയിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് ഓഫീസില്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞതാണ്. പക്ഷേ അവര്‍ പ്രതിഷേധിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കട്ടമര തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് വിഴിഞ്ഞം തെക്കും ഭാഗം വിഴിഞ്ഞം ജംഗ്ഷന്‍ ഉപരോധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ന്യായമായ ആവശ്യങ്ങള്‍ ആര് ഉന്നയിച്ചാലും പരിഗണിക്കും. ആരുമായും ഏറ്റുമുട്ടല്‍ സമീപനത്തിനില്ല. സമരക്കാര്‍ തയ്യാറാണെങ്കില്‍ ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍ അപേക്ഷകള്‍ പരിഗണിച്ചത് പ്രകാരം അര്‍ഹരായ കട്ടമരതൊഴിലാളികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേര് അര്‍ഹരെങ്കില്‍ അത് പരിശോധിക്കും. സര്‍ക്കാരിന് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍ എന്നേ ഉള്ളൂ. ജാതിയോ മതമോ ഏതെങ്കിലും വിഭാഗമോ എന്ന പരിഗണന ഇല്ല. സ്ഥലം എംഎല്‍എ ബന്ധപ്പെട്ടിട്ടില്ല. ഇന്നത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹം വന്നില്ല. നിലവില്‍ പ്രതിഷേധിക്കുന്നവരുടെ അപേക്ഷകള്‍ അപ്പീല്‍ കമ്മിറ്റി പരിശോധിച്ചതാണ്. അവര്‍ പദ്ധതി ബാധിത പ്രദേശത്തിന് പുറത്തുള്ളവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top