തുറമുഖ ഉദ്ഘടനത്തില്‍ നിന്നും ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: തുറമുഖ ഉദ്ഘടനത്തില്‍ നിന്നും ആരെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആരെയെങ്കിലും വിട്ടുപോയെങ്കില്‍ പരിശോധിക്കും. ലത്തീന്‍ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളില്‍ ഏഴും അംഗീകരിച്ചു. പദ്ധതി നിര്‍ത്തിവെക്കണമെന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിനിത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്‌നം അല്ല. പ്രശ്‌നം ഉണ്ടെങ്കില്‍ ഏത് ഘട്ടത്തിലും ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. കേരളത്തിലെ ജനങ്ങള്‍ ഏറെക്കാലം മനസില്‍ തലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കും. മത്സ്യ തൊഴിലാളികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടന്‍ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യ കപ്പല്‍ എത്തിയതിന്റെ ഭാഗമായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. തുറമുഖം ഉള്‍പ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവില്‍ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ 400-ല്‍ പരം പൊലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്.

Top