എന്റെ നിഴലിനെപ്പോലും മന്ത്രി എ.കെ ബാലന്‍ ഭയപ്പെടുന്നു: ബിന്ദു അമ്മിണി

കോട്ടയം: തന്റെ നിഴലിനെപ്പോലും മന്ത്രി എ.കെ ബാലന്‍ ഭയപ്പെടുന്നുവെന്ന് ബിന്ദു അമ്മിണി. അതുകൊണ്ടാണ് താന്‍ ഓഫീസില്‍ വന്നത് അറിയില്ലെന്ന് മന്ത്രി പറഞ്ഞതെന്നും അവര്‍ ആരോപിച്ചു.

താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ് താന്‍ മന്ത്രി എ.കെ. ബാലന്റെ ഓഫീസിലെത്തിയത്. അത് മറച്ചുവെക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ട്. വിഷയത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് എത്രമാത്രം ഒളിച്ചുകളിക്കുന്നുവെന്നതാണ് അത് ബോധ്യപ്പെടുത്തുന്നത്. വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഓഫീസിലെത്തിയെന്നത് മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളാണ് ജനുവരി രണ്ടിനെത്തുകയെന്നും അവര്‍ പറഞ്ഞു.

Top