നഴ്‌സുമാരുടെ ശമ്പള വര്‍ധനവ്; സര്‍ക്കാരിനെതിരെ മാനേജുമെന്റുകള്‍ കോടതിയിലേക്ക്

nurse

തിരുവനന്തപുരം: നഴ്‌സുമാരുടെ ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ആശുപത്രി മാനേജുമെന്റുകള്‍ കോടതിയിലേക്ക്. ഉത്തരവ് പ്രകാരമുള്ള ശമ്പളം ജീവനക്കാര്‍ക്ക് കൊടുക്കാന്‍ സാധിക്കില്ലെന്നാണ് മാനേജുമെന്റുകള്‍ പറഞ്ഞത്. ഉത്തരവ് നടപ്പാക്കിയാല്‍ 120 ശതമാനം ചികിത്സാചിലവ് കൂടുമെന്നുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം.

ആശുപത്രി ജീവനക്കാര്‍ക്കു മുഴുവന്‍ ഇത്തരത്തില്‍ വേതനം നല്‍കേണ്ടിവരുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഈ അവസ്ഥ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടു മാത്രം പുറത്തിറക്കിയ വിജ്ഞാപനം എന്നാണ് നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനത്തെ മാനേജ്‌മെന്റുകള്‍ വിശേഷിപ്പിച്ചത്. ഇതോടെ വര്‍ധിപ്പിച്ച വേതനം ആശുപത്രി ജീവനക്കാര്‍ക്കു ലഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്ന് ഏറെക്കുറെ ഉറപ്പായി.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. നിലവില്‍ 8,975 രൂപയാണ് അടിസ്ഥാന ശമ്പളം. 2013-ലെ വിജ്ഞാപനത്തെ അപേക്ഷിച്ച് നഴ്‌സുമാര്‍ക്ക് 58 മുതല്‍ 102 വരെ ശതമാനം വേതനവര്‍ധന ലഭിക്കും.

നഴ്‌സുമാര്‍ക്കു പരമാവധി 50 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ബെഡുകളുടെ അടിസ്ഥാനത്തില്‍ 2000 രൂപ മുതല്‍ 10,000 രൂപ വരെയാണ് അധിക അലവന്‍സ് ലഭിക്കുക. വേതന വര്‍ധനവിന് 2017 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യം ഉണ്ടാകും

Top