മിനിമം ബാലന്‍സ്:അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്കുകള്‍ പിഴിഞ്ഞെടുത്തത് 3551 കോടി

മുംബൈ: മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി ബാങ്കുകള്‍ സമാഹരിച്ചത് 3551 കോടി രൂപ. ഇത് 2017- 18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ്.

2014-15 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ന്നുളള മൂന്നു വര്‍ഷങ്ങളിലായി പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളും സമാഹരിച്ചത് 11,500 കോടി രൂപയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

വായ്പ തിരിച്ചടവില്‍ വലിയ ഇടപാടുകാര്‍ വീഴ്ച വരുത്തിയതുമൂലം 10 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകള്‍ക്കുളളത്. ഇത് തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ ആക്ഷേപം നിലനില്‍ക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ ഇടത്തരക്കാര്‍ കൂടുതലുളള സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇത്രയും വലിയ തുക പിഴയായി ഈടാക്കിയതില്‍ പ്രതിഷേധം ശക്തമാണ്.

എസ്ബിഐ മാത്രം മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന വീഴ്ചയുടെ പേരില്‍ 2500 കോടി രൂപയാണ് പിഴയായി സമാഹരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെയുളള സ്വകാര്യബാങ്കുകള്‍ 600 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിച്ചത്.

അക്കൗണ്ടുകളുടെ പരിപാലനത്തിന് ആവശ്യമായി വരുന്ന ചെലവിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാനാണ് പ്രാഥമികമായി ഈ പിഴ ചുമത്തുന്നതെന്നാണ് ബാങ്കുകളുടെ വിശദീകരണം.

2015 ജൂലൈ ഒന്നിന് വിവിധ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് ബാങ്ക് ഇത്തരം പിഴ ചുമത്തുന്നത്. മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തുന്നതിന്റെ സ്വഭാവം കണക്കാക്കി അഞ്ചു രൂപ മുതല്‍ 15 രൂപ വരെ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി എസ്ബിഐ ഈടാക്കുന്നുണ്ട്.

Top