Mini Sedan – BMW

കുഞ്ഞന്‍ ആഡംബര കാറുകളുടെ ലോകത്ത് എതിരാളികളില്ലാതെ ലോകം കീഴടക്കി വാഴുന്ന ബ്രിട്ടീഷ് ബ്രാന്‍ഡായ മിനി, സെഡാന്‍ ശ്രേണിയിലേക്കും ചുവടുവയ്ക്കുന്നു. ബി.എം.ഡബ്‌ള്യുവിന്റെ ഉടമസ്ഥതയിലുള്ള മിനിയുടെ കുഞ്ഞന്‍ ആഡംബര ഹാച്ച്ബാക്ക് കാറുകളായ കൂപ്പര്‍, കണ്‍ട്രിമാന്‍ എന്നിവ ഇന്ന് കേരളത്തിന്റെ നിരത്തുകള്‍ക്കും സുപരിചതമാണ്.

അഞ്ച് വ്യത്യസ്ത ശ്രേണികളില്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് 2014ല്‍ മിനി വ്യക്തമാക്കിയിരുന്നു. മുകള്‍ഭാഗം തുറന്ന കണ്‍വെര്‍ട്ടിബിള്‍ മോഡല്‍ ഇതില്‍ നാലാമതായി അടുത്തിടെ ഇന്ത്യന്‍ വിപണിയിലുമെത്തി.

അഞ്ചാം മോഡല്‍ ഒരു സെഡാന്‍ തന്നെയായിരിക്കുമെന്നാണ് സൂചനകള്‍. ഈവര്‍ഷം മിനിയുടെ കണ്‍ട്രിമാന്‍ മോഡല്‍ വിപണിയിലെത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ അമേരിക്കന്‍, ചൈനീസ് വിപണികളിലേക്കാണ് പ്രവേശനം.

ഇതിന്റെ പ്‌ളാറ്റ്‌ഫോമിലായിരിക്കും സെഡാന്റെ നിര്‍മ്മാണം. മിനി കൂപ്പറിനേക്കാളും വലിയ കാറായിരിക്കുമിത്. അമേരിക്കന്‍, ഏഷ്യന്‍ വിപണികളില്‍ സെഡാന്‍ കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡുണ്ടെന്ന് അടുത്തിടെ മിനി പ്രോഡക്റ്റ് പ്‌ളാനിംഗ് വൈസ് പ്രസിഡന്റ് റാല്‍ഫ് മാഹ്‌ലര്‍ അഭിപ്രായപ്പെട്ടിരുന്നു.

അമേരിക്കന്‍ വിപണിയില്‍ ഹാച്ച്ബാക്കുകളേക്കാള്‍ സെഡാന്‍ കാറുകള്‍ നേടുന്ന സ്വീകാര്യ തങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും മിനിയ്ക്കും സെഡാന്‍ കാറുകള്‍ വിപണിയിലെത്തിച്ച് പരിചയമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

ഈ വാക്കുകള്‍ കൂടി കടമെടുത്താണ് നിരീക്ഷകര്‍ മിനിയുടെ അടുത്ത കാര്‍ ഒരു സെഡാന്‍ ആയിരിക്കുമെന്ന് വിലയിരുത്തുന്നത്. 1960കളില്‍ ‘റിലേ’ എന്ന പേരില്‍ മിനി സെഡാന്‍ കാറുകള്‍ വിപണിയിലെത്തിച്ചിരുന്നു. കണ്‍ട്രിമാന്‍ പ്‌ളാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന പുതിയ സെഡാനും റിലേ എന്ന് തന്നെ അറിയപ്പെട്ടേക്കും.

Top