മൂന്ന് പതിറ്റാണ്ടിന്റെ ശബ്ദം നിലച്ചു; മിനി മൗസിന് ശബ്ദം നല്‍കിയ റസ്സി ടൈലര്‍ ഇനി ഓര്‍മ്മ

ന്യൂയോര്‍ക്ക്: വാള്‍ട്ട് ഡിസ്‌നിയുടെ അനിമേഷന്‍ കഥാപാത്രമായ മിനി മൗസിന് ശബ്ദം നല്കിയ റസ്സി ടൈലര്‍(75) അന്തരിച്ചു. 30 വര്‍ഷത്തോളം റസ്സി ടൈലറിന്റെ ശബ്ദത്തിലൂടെയാണ് മിനി മൗസിനെ നമ്മള്‍ അറിഞ്ഞത്.

മിനി മൗസിന്റെ കൂട്ടുകാരന്‍ മിക്കി മൗസിന് ശബ്ദം നല്‍കിയത് ടൈലറുടെ ഭര്‍ത്താവായ വെയ്ന്‍ ആല്‍വിനായിരുന്നു. 2009-ലാണ് അദ്ദേഹം വിടവാങ്ങിയത്. അതുവരെ മിക്കിമൗസിന് ആല്‍വിന്‍ ശബ്ദം പകര്‍ന്നു.

മസാച്ചുസെറ്റ്‌സിലെ കേംബ്രിഡ്ജില്‍ ജനിച്ച ടൈലറെ 1986-ലായിരുന്നു മിക്കി മൗസിന്റെ ശബ്ദമായി തെരഞ്ഞെടുത്തത്. പിന്നീടങ്ങോട്ട് ടെലിവിഷന്‍ പരമ്പരകളിലും ചലച്ചിത്രങ്ങളിലും ടൈലര്‍ മിനിക്ക് ശബ്ദം പകര്‍ന്നു. 1991-ലായിരുന്നു വെയ്ന്‍ ആല്‍വിനെ ജീവിത പങ്കാളിയായി ടൈലര്‍ തെരഞ്ഞെടുക്കുന്നത്.

കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ആനിമേഷന്‍ കഥാപാത്രങ്ങളാണ് മിക്കി മൗസും മിനി മൗസും. ടൈലര്‍ക്കു മുന്‍പെ മാഴ്‌സെല്ലൈറ്റ് ഗര്‍നര്‍, തെല്‍മ ബോര്‍ഡ്മാന്‍, റൂത്ത് ക്ലിഫോര്‍ഡ്, എന്നിവര്‍ മിനി മൗസിന് ശബ്ദം നല്‍കിയിട്ടുണ്ട്.

Top