മിനി ഇന്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷം മികച്ച വില്‍പ്പന; കണക്കുകള്‍ പുറത്തു വിട്ടു

മിനി ഇന്ത്യ 2020 ലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തുന്ന വിശദമായ റിപ്പോര്‍ട്ട് പ്രഖ്യാപിച്ചു. വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച് 2020 കലണ്ടര്‍ വര്‍ഷത്തില്‍ കമ്പനി 512 കാറുകള്‍ വിതരണം ചെയ്തു. 2020 ഒക്ടോബറിനും ഡിസംബറിനുമിടയില്‍ 2020 ലെ നാലാം പാദത്തില്‍ കമ്പനി എക്കാലത്തെയും മികച്ച ക്വാട്ടര്‍ വില്‍പ്പന രേഖപ്പെടുത്തി.

2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മിനി കാര്‍ വില്‍പ്പനയില്‍ 34 ശതമാനം വര്‍ധനയുണ്ടായി. 2020 ഡിസംബറില്‍ രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും കമ്പനി രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യന്‍ വിപണിയിലെ മൊത്തം കാര്‍ വില്‍പ്പനയില്‍, പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മിനി കണ്‍ട്രിമാന്‍ 40 ശതമാനത്തിലധികം ഭൂരിപക്ഷം നേടി. ഐതിഹാസിക മിനി ഹാച്ച്ബാക്ക് മോഡല്‍ 33 ശതമാനവും മിനി കണ്‍വേര്‍ട്ടിബിള്‍ 2020 -ല്‍ ഇന്ത്യയിലെ മൊത്തം വില്‍പ്പനയില്‍ 23 ശതമാനവും സംഭാവന നല്‍കി.

കഴിഞ്ഞ വര്‍ഷം നാല് പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു. മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍, മിനി 60 ഇയര്‍ എഡിഷന്‍, മിനി കണ്‍വേര്‍ട്ടിബിള്‍ ഫുട്പാത്ത് എഡിഷന്‍, മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ജിപി ഇന്‍സ്പയര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മുകളില്‍ പറഞ്ഞ മൂന്ന് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ ഓണ്‍ലൈനില്‍ മാത്രമായി ലോഞ്ച് ചെയ്തതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടതായും കമ്പനി വ്യക്തമാക്കുന്നു. കൊവിഡ് -19 മഹാമാരിയും കോണ്‍ടാക്റ്റ്‌ലെസ്, ഡിജിറ്റല്‍ വില്‍പ്പന പ്രക്രിയയുടെ ആവശ്യകതയും കാരണം കമ്പനി ഒരു ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ള മിനി കാറുകള്‍ ഇതിലൂടെ ബുക്ക് ചെയ്യാം.

 

 

 

Top