മിനി കൂപ്പറിന്റെ പുതിയ മോഡല്‍; ഇന്ത്യയില്‍ 25 എണ്ണം മാത്രം

ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനി ഇന്ത്യയിലെത്തിച്ച വാഹനങ്ങളെല്ലാം തന്നെ വന്‍ ഹിറ്റാണ്. കൂപ്പര്‍, കണ്‍ട്രിമാന്‍, ക്ലബ്മാന്‍ തുടങ്ങിയ വാഹനങ്ങളെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ മിനി കൂപ്പറിന്റെ ലിമിറ്റഡ് എഡീഷന്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഓക്‌സ്‌ഫോര്‍ഡ് എഡീഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ 25 എണ്ണമാണ് ഇന്ത്യയില്‍ എത്തുന്നത്.

കൂപ്പറിന്റെ എസ് വേരിയന്റിലാണ് ഓക്‌സ്‌ഫോര്‍ഡ് എഡീഷന്‍ ഒരുക്കിയിരിക്കുന്നത്. സോളാരിസ് ഓറഞ്ച്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ലിമിറ്റഡ് എഡീഷന്‍ കൂപ്പര്‍ പുറത്തിറക്കുന്നത്. ഓറഞ്ച് വാഹനത്തില്‍ കറുപ്പും, കറുപ്പ് വാഹനത്തില്‍ ഓറഞ്ചും നിറത്താലാണ് റൂഫ്, സൈഡ് മിറര്‍, ബാക്ക് സ്‌പോയിലര്‍ എന്നിവ നല്‍കിയിരിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലൈറ്റിനും ടെയില്‍ലൈറ്റിനുമൊപ്പം ഡോറില്‍ ഓക്‌സ്‌ഫോര്‍ഡ് ബാഡ്ജിങ് നല്‍കിയിട്ടുണ്ട്. 17 ഇഞ്ച് ട്രാക്ക് സ്‌പോക്ക് ബ്ലാക്ക് അലോയി വീലുകളും നേര്‍ത്ത ടയറുമാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. പനോരമിക് സണ്‍റൂഫ്, സ്‌പോയിലര്‍ എന്നിവയും ഇതിലുണ്ട്.

ബ്രൗണ്‍, ബ്ലാക്ക് ലെതര്‍ ഫിനീഷിങ്ങിലാണ് ഇന്റീരിയര്‍ ഒരുക്കിയിട്ടുള്ളത്. സോഫ്റ്റ്ടച്ച് പ്ലാസ്റ്റിക് ഫിനീഷിങ്ങില്‍ തീര്‍ത്ത ഡാഷ്‌ബോര്‍ഡില്‍ ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുക്കിയിട്ടുണ്ട്. 12 സ്പീക്കറുകളാണ് ഇതിലുള്ളത്.

ആമസോണ്‍ മുഖേനയാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. ഇന്ത്യയിലെത്തുന്ന ഓക്‌സ്‌ഫോര്‍ഡ് എഡീഷന് 44.9 ലക്ഷം രൂപയാണ് വില.

Top