“ഖനിയില്‍ കുടുങ്ങിയവര്‍ വായു പോലും കിട്ടാതെ കഷ്ടപ്പെടുന്നു, മോദി ക്യാമറയ്ക്ക് പോസു ചെയ്യുന്നു”

ഗുവാഹത്തി: സായ്പുങ്ങിലെ കല്‍ക്കരി ഖനി യൂണിറ്റില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള സംവിധാനങ്ങള്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ച കാണിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. രണ്ടാഴ്ചയായി കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ സംവിധാനം ഒരുക്കുന്നതിന് പകരം ബോഗീബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിലും ക്യാമറകള്‍ക്കു പോസു ചെയ്യുന്നതിലുമാണ് നരേന്ദ്രമോദിയ്ക്ക് ശ്രദ്ധയെന്നാണ് രാഹുല്‍ പറയുന്നത്‌.

‘വെള്ളം കയറിയ കല്‍ക്കരി ഖനിയില്‍ രണ്ടാഴ്ചയായി 15 തൊഴിലാളികള്‍ വായുവിനു വേണ്ടി ബുദ്ധിമുട്ടുകയാണ്. ആ സമയത്ത് പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ ക്യാമറകള്‍ക്കു പോസു ചെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ശേഷികൂടിയ പമ്പുകള്‍ നല്‍കാന്‍ മോദിയുടെ സര്‍ക്കാര്‍ തയാറാകുന്നില്ല. പ്രധാനമന്ത്രി ദയവുചെയ്ത് ഈ തൊഴിലാളികളെ രക്ഷിക്കൂ’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

100 കുതിരശക്തിയുള്ള പമ്പിനായി കാത്തിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. എന്നാല്‍ മേഘാലയ സര്‍ക്കാരിന്റെ കൈവശം അത്തരം പമ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 25 കുതിരശക്തിയുള്ള പമ്പുകളാണ് വെള്ളം പുറത്തേക്കു കളയാന്‍ ഉപയോഗിച്ചിരുന്നത്.

ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോഴും ഇതുവരെ ഒരാളെ പോലും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍.

ജീവനോടെയോ അല്ലാതെയോ ഒരാളെ പോലും കണ്ടെത്താനായിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടം വഹിക്കുന്ന എസ് കെ ശാസ്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കാത്തിരിക്കുകയാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Top