കുപ്പിവെള്ളം; ടോം ജോസിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച് സിപിഐ

tom-jose

തിരുവനന്തപുരം: ജല അതോറിറ്റിയുടെ കുപ്പി വെള്ളം വേണ്ടെന്ന നിലപാടെടുത്ത അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ തീരുമാനത്തിനെതിരെ സിപിഐ രംഗത്ത്. ടോം ജോസിന്റെ നിലപാട് അംഗീകരിച്ചാല്‍ പ്രക്ഷോഭമുണ്ടാക്കുമെന്നാണ് സിപിഐ അറിയിച്ചത്.

കുപ്പിവെള്ളത്തിനെതിരായി ടോം ജോസ്, അയച്ച കത്ത് പുറത്താവുകയും, ഒറ്റപ്പെടുകയും ചെയ്തതോടെ എംഡി ഷൈനമോളെ മാറ്റാനുള്ള നീക്കത്തിലായിരുന്നു ടോം ജോസ്. ടോം ജോസിന്റെ ആവശ്യം ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ഉന്നയിക്കാനുള്ള നീക്കത്തിനിടെയാണ് കുപ്പിവെള്ള പ്ലാന്റിനെ ശക്തമായി പിന്തുണച്ച് സിപിഐ രംഗത്തെത്തിയത്. കുപ്പിവെള്ളമല്ല, കുടിവെള്ള വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്ന് കാട്ടി അതോറിറ്റി എംഡി ഷൈന മോള്‍ക്ക് അയച്ച കത്താണ് പുറത്തായത്.

ഒട്ടേറെ സ്വകാര്യ കമ്പനികള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജല അതോറിറ്റിയുടെ കുപ്പിവെള്ളം ആവശ്യമില്ലെന്നായിരുന്നു ടോം ജോസിന്റെ നിര്‍ദേശം. 16 കോടി രൂപ ചെലവിട്ട് പ്ലാന്റിന്റെ പണി പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ നിര്‍ദേശം. പരീക്ഷണപ്രവര്‍ത്തനം വിജയകരമായി നടത്തിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ വെള്ളം പുറത്തിറക്കാനായിരുന്നു പദ്ധതി.

എന്നാല്‍ സ്വകാര്യ കുപ്പിവെള്ള കമ്പനികള്‍ക്ക് സഹായമാകുന്ന ജോസിന്റെ നിലപാട് മന്ത്രി മാത്യു ടി തോമസ് തള്ളുകയായിരുന്നു. അതേസമയം, ടോം ജോസിന്റെ നിലപാട് അംഗീകരിച്ചാല്‍ പ്രക്ഷോഭമെന്നാണ് സിപിഐ നിലപാട്. എംഡിയെ മാറ്റാനുള്ള ഒരു നീക്കത്തേയും ജലവിഭവ മന്ത്രിയും സിപിഐയും പിന്തുണയ്ക്കില്ല. അതേസമയം, കുപ്പിവെള്ള വേണമെന്ന ആവശ്യവുമായി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ഡി ബിനോയ് വിശ്വം പരസ്യമായി രംഗത്തെത്തി.

ജല അതോറിറ്റി കുപ്പിവെള്ളം വേണ്ടെന്ന നിലപാട് പുറത്തായതിന് പിന്നാലെ എഡിയോട് ടോം ജോസ് രോഷം പ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന് ജല അതോറിറ്റി ബോര്‍ഡ് യോഗത്തില്‍ ഷൈന മോള്‍ ആരോഗ്യ കാരണങ്ങളാല്‍ അവധിയെടുക്കുകയും ചെയ്തിരുന്നു. ഒറ്റപ്പെട്ടതിനാല്‍ ബോര്‍ഡ് യോഗത്തില്‍ കുപ്പിവെള്ളത്തിനെതിരായ നിലപാടില്‍ അയവു വരുത്തേണ്ടി വന്ന ടോം ജോസ് ഷൈന മോള്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ്.

തിരുവനന്തപുരം അരുവിക്കര അണക്കെട്ടിന് സമീപമാണ് പ്ലാന്റ് നിര്‍മിച്ചത്. രണ്ട് ശുദ്ധീകരണ യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരെണ്ണംകൂടി സ്ഥാപിക്കാനുള്ള സ്ഥലമുണ്ട്. ഒരു യന്ത്രത്തില്‍ മണിക്കൂറില്‍ ഒരു ലിറ്ററിന്റെ 3600 കുപ്പികള്‍ നിറയ്ക്കാം. 500 മില്ലീലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍, 20 ലിറ്റര്‍ കുപ്പികളിലാണ് വെള്ളം പുറത്തിറക്കുന്നത്. 24 മണിക്കൂറും പ്ലാന്റ് പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വിതരണം ഉദ്ദേശിക്കുന്നത്.

Top