കുപ്പിവെള്ളത്തിന് വില കുറച്ചില്ല; പ്രതിഷേധം ശക്തമാകുന്നു

water

കുപ്പിവെള്ളത്തിന് വില കുറക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഏപ്രില്‍ രണ്ട് മുതല്‍ വെള്ളത്തിന് 12 രൂപയായി കുറക്കുമെന്നായിരുന്നു കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഈ നിര്‍ദേശം കമ്പനികള്‍ക്ക് അസോസിയേഷന്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ വില കുറക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. മിക്ക കടകളിലും ഒരു ലിറ്റര്‍ വെള്ളത്തിന് 20 രൂപ തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്.

വിലയുമായി ബന്ധപ്പെട്ട് വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വെള്ളത്തിന് വില കുറച്ചെന്ന് അസോസിയേഷന്‍ ആവര്‍ത്തിച്ച് പറയുന്നു. എംആര്‍പിയില്‍ മാറ്റം വരുത്തിയുള്ള പുതിയ കുപ്പികളെത്താതെ വില കുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. കമ്പനികളെയാണ് ഇക്കാര്യത്തില്‍ വ്യാപാരികള്‍ പഴിക്കുന്നത്. അതേസമയം വിലകുറക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

വ്യാപാരികളില്‍ നിന്ന് ലിറ്ററിന് 12 മുതല്‍ 15 രൂപ വരെയാണ് കമ്പനികള്‍ ഈടാക്കുന്നത്. ഇത് കുറച്ചാല്‍ മാത്രമെ 20 രൂപയില്‍ താഴെ വില്‍ക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കൂ.

Top