ഭാരതപ്പുഴയില്‍ നിന്നും വെടിക്കോപ്പ് കണ്ടെത്തിയ സംഭവം; അന്വേഷണം സിബിഐ ഏറ്റെടുക്കും

മലപ്പുറം : കുറ്റിപ്പുറം പാലത്തിനടിയില്‍ ഭാരതപ്പുഴയില്‍നിന്നും വെടിക്കോപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പ്രത്യേക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നത്.

2018 ജനുവരി 18 നാണ് കുറ്റിപ്പുറം പാലത്തിനുതാഴെ ഭാരതപ്പുഴയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്‌പോടക വസ്തുക്കള്‍ കണ്ടെടുത്തത്. സൈന്യം ഉപയോഗിച്ചിരുന്ന മൈനുകള്‍ വരെ ഇവയില്‍ ഉണ്ടായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാരാഷ്ട്ര ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ചതാണ് ഇവയെന്നാണ് കേരള പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇവിടെ നിന്ന് പുല്‍ഗാവ്, പൂനെ വെടിക്കോപ്പ് സംഭരണശാലകളിലേക്ക് മൈനുകള്‍ കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് അന്വേഷണം വഴിമുട്ടിയതോടെ കേസ് ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിബിഐ ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്.

Top