മേഘാലയയിലെ ഖനി അപകടം: അത്ഭുതങ്ങളില്‍ വിശ്വസിക്കാം, തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മേഘാലയയിലുണ്ടായ ഖനി അപകടത്തില്‍ തൊഴിലാളികള്‍ക്കായ് നടത്തുന്ന തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് കോടതി. തൊഴിലാളികളികള്‍ ജീവനോടെ ഉണ്ടാകാമെന്നും അതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവര്‍ ജീവനോടെയുണ്ടോ എന്ന് നമുക്കറിയില്ല. ചിലപ്പോള്‍ ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ അവരെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്ക് അദ്ഭുതങ്ങളില്‍ വിശ്വസിക്കാമെന്നും അവരെ നമുക്ക് പുറത്തെത്തിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

തൊഴിലാളികളെ രക്ഷിക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും അധികൃതര്‍ നടത്തുന്നുണ്ടെന്നും വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ അവരെ പുറത്തെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാരും കോടതിക്ക് വാക്ക് നല്‍കി.

Top