തമിഴ്‌നാട് കൈവിട്ടു; മില്‍മ പ്രതിസന്ധിയില്‍ , നാള മുതല്‍ പാല്‍ സംഭരിക്കില്ല

കോഴിക്കോട്: കോവിഡ്-19 ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംഭരിക്കുന്നതിന്റെ പകുതി പാല്‍ പോലും വിപണനം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മില്‍മ പ്രതിസന്ധിയില്‍. നാളെ മുതല്‍ പാല്‍ സംഭരിക്കില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരന്‍ പറഞ്ഞു. മാത്രമല്ല മറ്റന്നാള്‍ മുതല്‍ പാല്‍ സംഭരണത്തില്‍ വലിയ ക്രമീകരണം നടത്താനും ഇപ്പോള്‍ എടുക്കുന്നതിന്റെ അളവ് കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ വന്നതോടെ കേരളത്തിന്റെ പാല്‍ തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതാണ് മില്‍മ വന്‍ പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം.സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടും സഹകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല.

ദിവസേന ആറ് ലക്ഷം ലിറ്റര്‍ പാലായിരുന്നു മലബാറില്‍ നിന്ന് മാത്രം മില്‍മ സംഭരിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായി കുറഞ്ഞു. പാല്‍ വീടുകളിലും ഫ്‌ലാറ്റുകളിലുമെത്തിച്ചും ലോങ് ലൈഫ് പാല്‍ വിതരണം നടത്തിയും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. ഇങ്ങനെ ബാക്കിയാവുന്ന പാല്‍ ചെറിയൊരളവില്‍ തിരുവനന്തപുരം യൂണിറ്റിലേക്ക് കയറ്റി അയച്ച ശേഷം ബാക്കി തമിഴ്‌നാട്ടിലേക്ക് അയച്ച് പാല്‍പൊടിയാക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിന് തടവീണതോടെയാണ് മില്‍മ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക്് കൂപ്പുകുത്തിയിരിക്കുകയാണ്.

രാജ്യമൊട്ടാകെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം എല്ലാ മില്‍ക്ക് യൂണിയനുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

Top