തിരുവനന്തപുരം : 2023-24 വര്‍ഷത്തില്‍ 680.50 കോടി രൂപയുടെ വരവും 679.28 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (മില്‍മ) വാര്‍ഷിക ജനറല്‍ ബോഡി യോഗം പാസാക്കി. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 1.22 കോടി രൂപയുടെ ലാഭവും പ്രതീക്ഷിക്കുന്നുണ്ട്. മില്‍മ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പ്രമേയങ്ങളും അംഗീകരിച്ചു.
സംസ്ഥാന നിയമസഭ പാസാക്കിയ കേരള സഹകരണ സംഘങ്ങള്‍ (മൂന്നാം ഭേദഗതി) ബില്‍ 2022 ല്‍ നിന്നും മില്‍മയെ ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പൊതുയോഗം അഭിനന്ദനവും നന്ദിയും അറിയിച്ചു. മില്‍മയുടെ പട്ടണക്കാട്, മലമ്പുഴ എന്നിവിടങ്ങളിലെ കാലിത്തീറ്റ ഫാക്ടറികള്‍, ആലപ്പുഴയിലെ സെന്‍ട്രല്‍ പ്രൊഡക്ട്സ് ഡയറി, ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ ചെലവുകള്‍ക്ക് പുറമെ കര്‍ഷകര്‍ക്ക് ആദായകരമായതും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമായ സംരംഭങ്ങളും ബജറ്റിൽ വകയിരുത്തിരുന്നു.
വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ മില്‍മയെ മിച്ച ബജറ്റ് സഹായിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഉല്പാദനക്ഷമത വര്‍ദ്ധിപ്പിച്ച് യുവതലമുറയെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി മുന്നോട്ട് പോകുന്നതിനായുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ക്ഷീരമേഖലയിലെ നിലവിലെ പ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പരിഹരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റീപൊസിഷനിംഗ് മില്‍മ പദ്ധതിയിലൂടെ മില്‍മ ഉത്പന്നങ്ങളുടെ വില്പന വര്‍ധിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. യുവതലമുറയെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനൊപ്പം പാല്‍ സംഭരണത്തില്‍ കുറവ് നേരിടുന്ന സാഹചര്യത്തില്‍ ഉത്പാദനച്ചെലവ് കുറച്ച് പാല്‍ ഉത്പാദനം വര്‍ധിപ്പിച്ച് മില്‍മയുടെ ഉത്പാദന ക്ഷമത ഉറപ്പുവരുത്തണമെന്നും യോഗം വിലയിരുത്തി. ഇതിനായി അനുബന്ധ വകുപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. മില്‍മയുടെ അന്‍പതാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
കേരളത്തിലെ മുഴുവന്‍ പശുക്കളേയും ഉള്‍പ്പെടുത്തുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, പശുക്കളെ വാങ്ങുന്നതിനുള്ള ബാങ്ക് വായ്പയുടെ പലിശ സബ്സിഡിയായി നല്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുക, പശുപരിപാലനത്തിനുള്ള ഫാമിംഗ് ലൈസന്‍സ് പരിഷ്കരിക്കുക, മില്‍മയുടെ പാലുത്പന്നത്തിേന്‍ മേലും ഓഡിറ്റ് തുകയിലും ചുമത്തിയിരിക്കുന്ന ജിഎസ്ടി ഒഴിവാക്കുക, ഇന്‍കം ടാക്സില്‍ നിന്ന് ക്ഷീരസംഘങ്ങളെ ഒഴിവാക്കുക, സൈലേജ്, പച്ചപ്പുല്ല്, ചോളത്തണ്ട് തുടങ്ങിയ തീറ്റ വസ്തുക്കള്‍ക്ക് കേന്ദ്രം സഹായം ലഭ്യമാക്കുക, ക്ഷീര കര്‍ഷകവൃത്തി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ യോഗം പ്രമേയം പാസാക്കി. അവ നടപ്പിലാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി.