വൈറ്റമിന്‍ ചേര്‍ത്ത മില്‍മ പാല്‍ നാളെ മുതല്‍ വിപണിയില്‍

കൊച്ചി: വിശ്വസ്ത പാല്‍ ഉല്‍പ്പന്ന ബ്രാന്‍ഡായ മില്‍മ നാളെ മുതല്‍ വൈറ്റമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ വിപണിയില്‍ എത്തിക്കും. നാളെ വിപണിയിലെത്തുന്ന പാല്‍ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിലാവും ഉപഭോക്താക്കളിലേക്കെത്തുക.

തൃപ്പുണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നീ ഡയറികളില്‍ നിന്നായിരിക്കും ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക. രാജ്യത്തെ അന്‍പത് ശതമാനത്തിലധികം പേരിലും വൈറ്റമിനുകളുടെ കുറവുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മില്‍മയുടെ പുതിയ ചുവട് വെയ്പ്പ്. നിലവിലെ നിരക്ക് തന്നെയാണ് വൈറ്റമിന്‍ ചേര്‍ത്ത പായ്‌ക്കറ്റിനും ഈടാക്കുന്നത്.

ഓണ്‍ലൈനായി മില്‍മയുടെ പാലും ഐസ്‌ക്രീം ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ എത്തിക്കാനും മില്‍മ ലക്ഷ്യമിടുന്നുണ്ട്. ഓണ്‍ലൈന്‍ സേവനം ജൂണ്‍ ഒന്ന് മുതല്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കും. ഹോം ഡെലിവറിക്കായി നിലവില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നവരെയാണ് ഉപയോഗിക്കുക.

Top