മില്‍മ പദ്ധതികള്‍ ഇനി കര്‍ഷകരുടെ വിരല്‍തുമ്പില്‍; പുതിയ സംവിധാനവുമായി മില്‍മ

കോഴിക്കോട്: മില്‍മ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ കര്‍ഷകരെ നേരിട്ട് അറിയിക്കാന്‍ പുതിയ സംവിധാനവുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍. പദ്ധതികള്‍ കാലതാമസം കൂടാതെ ഗുണഭോക്താക്കളായ കര്‍ഷകരിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കര്‍ഷകരുടെ മൊബൈല്‍ ഫോണിലൂടെ സന്ദേശമായിട്ടാണ് വിവരങ്ങള്‍ നല്‍കുന്നത്.

മലബാറിലെ ഒരു ലക്ഷം ക്ഷീര കര്‍ഷകര്‍ക്കാണിതിന്റെ പ്രയോജനം. ക്ഷീര കര്‍ഷകരുടെ തൊഴുത്തും, പശുക്കളെയും, വീടും ഇന്‍ഷ്വുര്‍ ചെയ്യുന്ന പദ്ധതി സംബന്ധിച്ച അറിയിപ്പ് മൊബൈല്‍ സന്ദേശമായി ഒരു ലക്ഷം കര്‍ഷകര്‍ക്ക് അയച്ചുകൊണ്ട് മില്‍മ, മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ഡെയറി കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതി അംഗം കെ. ചെന്താമര അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ. എം. വിജയകുമാരന്‍, സീനിയര്‍ മാനേജര്‍മാരായ കെ.സി.ജെയിംസ്, ഡി.എസ്. കോണ്ട, ടി.എം.തോമസ്, അസി. മാനേജര്‍മാരായ പി.എസ്. സുരേഷ് കുമാര്‍, ഐ.എസ്.അനില്‍കുമാര്‍, പാലക്കാട് ഡെയറി മാനേജര്‍ എസ്. നിരീഷ്, അസി. മാനേജര്‍ സജീഷ് സംബന്ധിച്ചു.

ഗ്രാമതല പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഒരു ലക്ഷം കര്‍ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വളര്‍ത്തുന പശുക്കളുടെ എണ്ണം, കൊടുക്കുന്ന തീറ്റവസ്തുക്കള്‍, തൊഴുത്തിലുപയോഗിക്കുന്ന ലഘു യന്ത്രങ്ങള്‍ തുടങ്ങിയ വിവര ശേഖരണം മലബാര്‍ മേഖലാ യൂണിയന്‍ നടത്തിയിട്ടുണ്ട്.

Top