ഓണത്തിന് പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ റെക്കോര്‍ഡ്; മില്‍മയ്ക്ക് മികച്ച നേട്ടം

കോഴിക്കോട്: ഓണക്കാലത്ത് മലബാർ മിൽമയുടെ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ റെക്കോർഡ്. സെപ്തംബർ നാലു മുതൽ ഏഴു വരെയുള്ള നാലു ദിവസങ്ങളിൽ 39.39 ലക്ഷം ലിറ്റർ പാലും 7.18 ലക്ഷം കിലോ തൈരും മലബാർ മേഖലാ യൂണിയൻ വിൽപ്പന നടത്തി.

മുൻ വർഷത്തെ അപേക്ഷിച്ച് പാൽ വിൽപ്പനയിൽ 11 ശതമാനത്തിന്റെയും തൈര് വിൽപനയിൽ 15 ശതമാനത്തിന്റെയും വർധനയാണ് രേഖപ്പെടുത്തിയത്.ഇതു കൂടാതെ 496 മെട്രിക് ടൺ നെയ്യും 64 മെട്രിക് ടൺ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വിൽപ്പന നടത്തി. സംസ്ഥാന സർക്കാരിന്റെ ഓണം കിറ്റിൽ ഈ വർഷവും 50 മില്ലി മിൽമ നെയ്യ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാർ മിൽമ നൽകിയത്.

കൺസ്യൂമർ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി മിൽമ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വിൽപ്പന നടത്തി. ഇതെല്ലാം വലിയ നേട്ടമായെന്ന് മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പി മുരളി അറിയിച്ചു.

Top