മില്‍മ പാലിന് ലിറ്ററിന് നാല് രൂപ വരെ കൂടിയേക്കും; സര്‍ക്കാരിനെ സമീപിച്ച് മില്‍മ

തിരുവനന്തപുരം: മില്‍മ പാലിന് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചു. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരിക്കുന്നത്.വെകാതെ തീരുമാനം അറിയിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലവര്‍ധന അനിവാര്യമായിരിക്കുകയാണെന്നാണ് മില്‍മയുടെ വാദം. കര്‍ഷകരുടെ ഉല്‍പാദന ചെലവ് വര്‍ധിച്ചതിനാല്‍ അവര്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്ന് മില്‍മ ചൂണ്ടിക്കാട്ടി.

നിലവില്‍ മില്‍മയുടെ കൊഴുപ്പു കുറഞ്ഞ പാല്‍ ലിറ്ററിന് 40 രൂപയാണ് വില. അരലിറ്റര്‍ കവറിന് 20 രൂപ. കൊഴുപ്പു കൂടിയ പാല്‍ ലിറ്ററിന് 42 രൂപയാണ് വില. അര ലിറ്റര്‍ കവറിന് 21 രൂപ. മില്‍മ ആവശ്യപ്പെട്ടതു പ്രകാരമുള്ള നിരക്കു വന്നാല്‍ കൊഴുപ്പു കുറഞ്ഞ പാല്‍ കവറിന് 22 രൂപയും കൊഴുപ്പു കൂടിയത് കവറിന് 23 രൂപയും ആയി വര്‍ധിക്കും.

മില്‍മയുടെ ആവശ്യം അതേപടി അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലവിലുള്ള നിലപാട്. ഒറ്റയടിക്ക് നാലു രൂപ വര്‍ധിപ്പിക്കുന്നത് ശരിയല്ല. എന്നാല്‍ എത്രത്തോളം വര്‍ധന അംഗീകരിക്കാന്‍ കഴിയുമെന്നതു സംബന്ധിച്ച് വൈകാതെ തീരുമാനം കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Top