പ്ലാസ്റ്റിക് കവര്‍; ക്ലീന്‍ കേരള കമ്പനിയുമായി സഹരിക്കാനൊരുങ്ങി മില്‍മ

തിരുവനന്തപുരം: മില്‍മ പ്ലാസ്റ്റിക് കവറുകള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കാന്‍ മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരുമെന്നും പുറത്ത് നിന്ന് വരുന്ന പാല് പരിശോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

ദിവസവും 25 ലക്ഷത്തിലധികം വരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് മില്‍മ പാലും പാല്‍ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് നിരോധനം എങ്ങനെ നടപ്പാക്കാമെന്ന ആലോചനയിലാണ് മില്‍മ. പൂര്‍ണ നിരോധനത്തിന് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.

കവറിന് പകരമായി ടെട്രാ പാക്ക്, വെന്‍ഡിംഗ് മെഷീന്‍ വഴി പാല്‍ വിതരണം എന്നിവയാണ് പരിഗണിക്കുന്നത്. ടെട്രാ പാക്കിന് ചെലവ് കൂടുതലാണെന്നതും വെന്‍ഡിംഗ് മെഷീനോട് ജനം താത്പര്യം കാണിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളിലൂടെയും ആക്രി കടകള്‍ വഴിയും കവറുകള്‍ തിരിച്ചെടുക്കും. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മാസവും മറ്റ് ജില്ലകളില്‍ ജനുവരിയിലും പ്ലാസ്റ്റിക് സംഭരണം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.

കേരളത്തില്‍ 13ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വിതരണം ചെയ്യുന്നത്. 8 ലക്ഷം ലിറ്റര്‍ പാല്‍ സ്വകാര്യ കമ്പനികളുടേതാണ്. നാടന്‍ പാലെന്ന പേരില്‍ സ്വകാര്യ കമ്പനികള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന പാലാണെന്നും മില്‍മ ചെയര്‍മാന്‍ ആരോപിച്ചു.

Top