യാതൊരു പരിശോധനയും കൂടാതെ കേരളത്തിലേക്കെത്തുന്നത് പ്രതിദിനം എട്ടു ലക്ഷം ലിറ്റര്‍ പാല്‍

പാലക്കാട്: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിദിനം എട്ടു ലക്ഷത്തോളം ലിറ്റര്‍ പാല്‍ യാതൊരു പരിശോധനകളും കൂടാതെ കേരളത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണപരിശോധനയ്ക്കു ക്ഷീരവികസന വകുപ്പിന് അധികാരമില്ലാതായതാണ് ഇതിനു കാരണമായി ക്ഷീര കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ദേശീയ അക്രഡിറ്റേഷനുള്ള സംസ്ഥാന ഡയറി ലാബിലും ആലത്തൂര്‍, കാസര്‍കോട്, കോട്ടയം എന്നിവിടങ്ങളിലെ റീജിയണല്‍ ലാബുകളിലും പാലക്കാട് മീനാക്ഷിപുരം, കൊല്ലം ആര്യങ്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ചെക്ക്‌പോസ്റ്റുകളിലും പാലിന്റെ സാംപിള്‍ എടുക്കാന്‍ മാത്രമേ ക്ഷീരവികസന വകുപ്പിന് അധികാരമുള്ളൂ. ഗുണത്തില്‍ കുറവു കണ്ടാല്‍ സാംപിള്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കൈമാറണമെന്നാണ് ചട്ടം.

എന്നാല്‍ പരിശോധനയും നടപടിയുമൊക്കെ കഴിയുമ്പോഴേക്കും കൊണ്ടുവന്ന പാല്‍ വിറ്റു തീരാനുള്ള സമയമാകും. ഈ അവസരം മുതലാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നു പാല്‍ കടത്തുന്നതു വര്‍ധിച്ചതായി ഡയറി ഓഫീസര്‍മാര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 3,700 പ്രാഥമിക ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്ന ശരാശരി 12 ലക്ഷം ലിറ്റര്‍ പാലും ഇതര ചെക്ക്‌പോസ്റ്റുകള്‍ കടന്നെത്തുന്ന എട്ട് ലക്ഷം ലിറ്റര്‍ പാലും ഗുണമേന്മ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് ഇവര്‍ പറയുന്നത്.

മുന്‍പ് ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മില്‍മയുടെയും മറ്റു സ്വകാര്യ ഡയറികളുടെയും പ്ലാന്റുകളിലും വിപണിയിലും പരിശോധന നടത്താനും തകരാര്‍ കണ്ടെത്തിയാല്‍ പിഴ ചുമത്താനും ബ്രാന്‍ഡ് നിരോധിക്കാനും വരെ അധികാരമുണ്ടായിരുന്നു. മൂന്നു സാംപിളുകള്‍ വീതം ശേഖരിച്ച് പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കിയായിരുന്നു ഇതിനായുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നത്.

Top