ഹൃദയം തകര്‍ക്കുന്ന കാഴ്ച ; ആഫ്രിക്കയില്‍ സ്ത്രീകള്‍ ഭീകരരുടെ ക്രൂരപീഡനത്തിനിരയാകുന്നു

africa

കിരിവിരി: മധ്യ ആഫ്രിക്കയില്‍ ഒരു കൂട്ടം വനിതകളെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയെന്ന് റിപ്പോര്‍ട്ട്. മെഡിസിന്‍സ് സാന്‍ഡ് ഫ്രോണ്ടറീസ് (എംഎസ്എഫ് ) എന്ന ചാരിറ്റി സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസമാണ് ഒരു കൂട്ടം സ്ത്രീകളെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടു പോയവരില്‍ പത്ത് പേരെ ഫെബ്രുവരി 17-ന് കിരിവിരിയില്‍ നിന്ന് എംഎസ്എഫ് ചാരിറ്റി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. ആഫ്രിക്കയുടെ വടക്ക് കിഴക്കന്‍ പ്രദേശമാണ് കിരിവിരി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വീണ്ടും ആക്രമിക്കപ്പെടുമോയെന്ന ഭയമുള്ളതിനാല്‍ രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവരെ ആശുപത്രയിലെത്തിച്ചതെന്നും ചാരിറ്റി പ്രവര്‍ത്തകര്‍ പറയുന്നു.

തികച്ചും ഹൃദയഭേദകമായിരുന്നു ആ കാഴ്ചയെന്ന് എംഎസ്എഫിന്റെ അധികൃതര്‍ അറിയിച്ചു. ചിലരെ ബ്ലേഡുകള്‍ കൊണ്ട് ഗുരുതരമായി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. ശരീരം നിറച്ചും മുറിവുകളാണ്.പലരും ആ ഷോക്കില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല. മറ്റു ചിലര്‍ മാനസീകമായി തകര്‍ന്നിരിക്കുകയാണ്. ചിലര്‍ ശാരീരികമായി തളര്‍ന്ന അവസ്ഥയിലുമാണെന്ന് എംഎസ്എഫ് പറഞ്ഞു. പലരും തിരിച്ച് ഗ്രാമത്തിലേക്ക് പോകാനും ഭയക്കുന്നുണ്ട്. പീഡനത്തിനിരയായതിനാല്‍ തങ്ങളുടെ സമുദായത്തില്‍ നിന്നും പുറത്താക്കപ്പെടുമെന്ന പേടിയും അവര്‍ക്കുണ്ടെന്നും എംഎസ്എഫ് അറിയിച്ചു.

2013-ല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് ഫ്രാന്‍കോയിസ് ബോസെസിനെ പുറത്താക്കി മുസ്ലീം സെലേക്ക റിബല്‍ അധികാരം പിടിച്ചടുത്തതോടെ ഇവിടെ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. കലാപത്തില്‍ നിരവധി ക്രിസ്ത്യന്‍ പൗരന്മാരെ വധിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് യുഎന്‍ 12,000 സേനയെ വിനിയോഗിച്ചിട്ടുണ്ടെങ്കിലും ഭീകരവാദികള്‍ അവിടെ അഴിഞ്ഞാടുകയാണ്. തുടര്‍ന്ന് നവംബറില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 900-ല്‍ പരം സൈനീകരെ കൂടി വിന്യസിച്ചിട്ടുണ്ട്.

എന്നാല്‍, നിലവില്‍ ഗാബണില്‍ വിന്യസിച്ച സൈനീകരെ പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവിടെ സമാധാനവും, സുരക്ഷയും പുനസ്ഥാപിച്ചു വരുന്നതിനാലാണ് ഇവിടുത്തെ സൈനീകരെ പിന്‍വലിക്കാന്‍ തീരുമാനമായത്. അതേസമയം കിരിവിരിയുടെ സമീപ പ്രദേശമായ ബോസാന്‍ഗോവയിലും അക്രമങ്ങളും പീഡനങ്ങളും നടക്കുന്നുണ്ടെന്നും, എന്നാല്‍ ഇതിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ലെന്നും എംഎസ്എഫ് അറിയിച്ചു.

2016 ന്റെ അവസാനത്തോടെ രാജ്യത്ത് പുറപ്പെട്ട കലാപത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും തുടരുന്നതെന്നും എംഎസ്എഫിന്റെ ആഫ്രിക്കയിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന തലവന്‍ പോള്‍ബ്രോക്ക്മാന്‍ പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ മാത്രം പീഡനത്തിനിരയായി 56 സ്ത്രീകലെയാണ് ബോസന്‍ഗോവ ആശുപത്രിയില്‍ ചികിത്സ നല്‍കിയതെന്നും കഴിഞ്ഞ എട്ടു മാസത്തിനിടെ 13 പേര്‍ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബാന്‍ഗുയിയിലെ ആശുപത്രിയില്‍ ഇതുവരെ 300-ഓളം പേരെയാണ് പീഡനത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എംഎസ്എഫ് പറഞ്ഞു.

Top