ആയുധശേഷിയില്‍ യുഎസിന് തുല്യമാകും,ആണവായുധ പദ്ധതി പൂര്‍ത്തികരിക്കും; കിം ജോങ്

kimjong

സോൾ: ലോകരാജ്യങ്ങൾ നൽകുന്ന എതിര്‍പ്പുകളും സമ്മർദങ്ങളും വകവെയ്ക്കുന്നില്ലെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.

അമേരിക്കയാണ് ലക്ഷ്യം, സൈനിക,ആയുധശേഷിയില്‍ യുഎസിന് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരുമെന്നും കിങ് വ്യക്തമാക്കി.

ലക്ഷ്യത്തിലേക്ക് ‘മുഴുവൻ വേഗത്തിലും നേരായ മാർഗത്തിലും’ രാജ്യം സഞ്ചരിക്കുകയാണെന്നും കിം പറഞ്ഞു. ഉത്തര കൊറിയ പുറത്തുവിട്ട പുതിയ വാർത്താക്കുറിപ്പിലാണ് ലോകത്തെ ഞെട്ടിക്കുന്ന മുന്നറിയിപ്പുള്ളത്.

ജപ്പാന് മുകളിലൂടെ രണ്ടാമതും മിസൈൽ പരീക്ഷണം നടത്തിയ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി എതിർക്കുകയും, ഉപരോധം ഏര്‍പ്പെടുത്തി യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടി അടക്കം പരിഗണിക്കുന്നതായി യുഎസും നിലപാടെടുത്തു. സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിനു തയാറാകാതെ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൈനിക നടപടി വേണ്ടിവന്നേക്കാമെന്നും യുഎസ് വ്യക്തമാക്കി.

ഉത്തര കൊറിയയ്ക്കെതിരെ അമേരിക്ക നടത്തുന്ന പ്രകോപനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തി.

ജപ്പാനു മുകളിലൂടെ കഴിഞ്ഞദിവസം മധ്യദൂര ബാലിസ്റ്റിക് മിസൈലാണു ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇതു വടക്കൻ ജപ്പാനു മുകളിലൂടെ പറന്നു പസിഫിക് സമുദ്രത്തിൽ പതിച്ചു.

ഓഗസ്റ്റ് 29നും ഇതേ രീതിയിൽ ഉത്തരകൊറിയ മിസൈൽ വിക്ഷേപിച്ചിരുന്നു. ഈമാസമാദ്യം ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തിയിരുന്നു.

ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി തിങ്കളാഴ്ച ഉത്തരകൊറിയയ്ക്കുമേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎൻ ഉപരോധങ്ങൾക്കു മറുപടിയായി, യുഎസിനെ ചാരമാക്കുമെന്നും ജപ്പാനെ കടലിൽ മുക്കുമെന്നും ഉത്തര കൊറിയ പ്രതികരിച്ചു.

പ്രതികരണത്തിനു പിന്നാലെയാണ് ജപ്പാനു മുകളിലൂടെ രണ്ടാമതും മിസൈൽ വിക്ഷേപിച്ചത്. ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലുകളുടെ പരീക്ഷണമാണ് ഉത്തരകൊറിയ ഇപ്പോൾ നടത്തുന്നതെന്നും ഇതു യുഎസ് അടക്കമുള്ള രാജ്യങ്ങൾക്കു കനത്ത ഭീഷണിയാണെന്നും വിദഗ്ധർ പറയുന്നു.

Top