സൈനിക സഹകരണം 2031 വരെ തുടരാൻ ഇന്ത്യയും റഷ്യയും

ന്യൂഡൽഹി: സൈനിക സഹകരണം 2031 വരെ തുടരാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. 2011 മുതൽ നിലവിലുള്ള സഹകരണമാണിത്. ഇതടക്കം 28 കരാറുകളും ധാരണാപത്രങ്ങളുമാണ് ഇന്ത്യ– റഷ്യ വാർഷിക ഉച്ചകോടിയിൽ ഒപ്പുവച്ചത്. കൂടംകുളത്തിനു പുറമേ മറ്റൊരു ആണവ വൈദ്യുത പ്ലാന്റിനു കൂടി ഇന്ത്യ ഉടൻ സ്ഥലം നൽകും. ചില കരാറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയും സാന്നിധ്യത്തിലാണ് ഒപ്പിട്ടത്. സന്ദർശനം പൂർത്തിയാക്കി പുടിൻ രാത്രി മടങ്ങി.

യുപിയിലെ അമേഠിയിൽ എകെ 203 റൈഫിളുകൾ നിർമിക്കാൻ 5000 കോടി രൂപയുടെ സംയുക്ത സംരംഭം തുടങ്ങും. എസ്–400 മിസൈൽ സംവിധാനം വാങ്ങാനുള്ളവയടക്കം നിലവിലെ കരാറുകൾ മുന്നോട്ടുപോകും. യുഎസിന്റെ എതിർപ്പ് അവഗണിച്ചാണ് പ്രതിരോധ കരാറുകളുമായി ഇന്ത്യ മുന്നോട്ടുപോകുന്നത്. റഷ്യൻ നിർമിത സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സീന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയസ്ഥിരതയ്ക്കായി ഒരുമിച്ചുപ്രവർത്തിക്കും. കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കുന്നതും ചർച്ചയായി. അടുത്ത ഉച്ചകോടി അടുത്ത വർഷം റഷ്യയിൽ നടക്കും.

മറ്റു പ്രധാന ധാരണകൾ

∙ ഇന്ത്യ– റഷ്യ വ്യാപാരം 2025 ൽ 3000 കോടി യുഎസ് ഡോളറിന്റേതാക്കും

∙ ബാങ്കിങ് ഇടപാടുകൾ ലളിതമാക്കാൻ ബാങ്ക് ഓഫ് റഷ്യയുടെ സഹകരണം

∙ ഇന്ത്യയുടെ ‘ഗഗൻയാൻ’ ബഹിരാകാശ യാത്രികർക്കു റഷ്യയുടെ പരിശീലനം തുടരും

∙ രാജ്യാന്തര രംഗത്തും യുഎന്നിലും സഹകരിച്ചു പ്രവർത്തിക്കും

Top