നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ ആര്‍ക്കും എതിര്‍ക്കാം, എതിര്‍ക്കുകയും വേണം. പക്ഷേ അതൊരിക്കലും രാജ്യതാല്‍പര്യത്തിന് എതിരായി ആകരുത്. എന്ത് വിമര്‍ശനം പ്രധാനമന്ത്രിക്കെതിരെ നടത്തുമ്പോഴും സാഹചര്യം കൂടി വിലയിരുത്തേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. ശത്രു രാജ്യങ്ങള്‍ക്ക് മുതലെടുക്കാനുള്ള അവസരം രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഒരിക്കലും ഉണ്ടാക്കരുത്. വിമര്‍ശിക്കാനുള്ള ധാര്‍മ്മികത നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മാത്രമല്ല, മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിക്കും ഇല്ല.
രാജ്യത്തിന് അപമാനമായ സര്‍ക്കാറിനെ നിരവധി വര്‍ഷം നയിച്ചവരാണ് നിങ്ങളെല്ലാവരും. യു.പി.എ കാലഘട്ടത്തിലെ വീഴ്ചയാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സേനക്ക് പരിമിതിയുണ്ടാക്കുന്നത്. ഇക്കാര്യം മറന്ന് വെറുതെ എന്തെങ്കിലുമൊക്കെ പുലമ്പരുത്.
എന്തൊക്കെ വിമര്‍ശനമുണ്ടെങ്കിലും, ഭീകര ആക്രമണങ്ങള്‍ക്കും കടന്നുകയറ്റത്തിനും വലിയ തിരിച്ചടി നല്‍കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ്. ബാലക്കോട്ട ആക്രമണം മന്‍മോഹന്റെ കാലത്താണെങ്കില്‍, ഒരിക്കലും നടക്കില്ലായിരുന്നു. ജമ്മുകശ്മീരില്‍ ഭീകര താണ്ഡവത്തിന് അറുതി വരുത്തിയതും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രമാണ്.
പാക്കിസ്ഥാന് വന്ന ഭയം ഇപ്പോള്‍ ചൈനക്കും വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 40 -ല്‍ അധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനയുടെ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ട വിവരം ആ രാജ്യം വൈകിയെങ്കിലും സ്ഥിരീകരിച്ചു കഴിഞ്ഞു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടെന്നാണ് ചൈന ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികതല ചര്‍ച്ചയിലാണ് ഇക്കാര്യം ചൈന അറിയിച്ചിരിക്കുന്നത്.
നമ്മുടെ കൊല്ലപ്പെട്ട സൈനിക കമാന്‍ണ്ടറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ തന്നെയാണ് ഇന്ത്യന്‍ സേന വകവരുത്തിയിരിക്കുന്നത് നമ്മുടെ 20 പേര്‍ക്ക് പകരം, ഇരട്ടിയിലധികം ഒരു പ്രഹരം തന്നെ ചൈനക്ക് ഇതിനകം കിട്ടി കഴിഞ്ഞിട്ടുണ്ട്.
‘ഒത്ത എതിരാളിയെ ചൈന കണ്ടുമുട്ടിയ നിമിഷമായിരുന്നു അതെന്നാണ്’ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന് കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ആദ്യം നേരിട്ടത് ഇന്ത്യന്‍ സൈന്യമാണ്. അപ്രതീക്ഷിത പ്രഹരത്തില്‍ പകച്ച് പോയതും ചൈനീസ് സേനയാണ്. വീരവാദം മുഴക്കുകയല്ലാതെ, യുദ്ധം ചെയ്ത ഒരു പാരമ്പര്യവും ചൈനക്കില്ലന്നത് വ്യക്തമാക്കുന്ന സംഭവമായിരുന്നു അത്. എണ്ണത്തില്‍ കൂടുതല്‍ അംഗസംഖ്യ ഉണ്ടായിട്ടും ചൈനീസ് സേനയെ വിറപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.സൈനിക ശേഷിയും ആയുധകരുത്തും മാത്രമുണ്ടായാല്‍ വിജയിക്കാന്‍ കഴിയില്ലന്ന് ചൈനയെ ബോധ്യപ്പെടുത്തിയ ഏറ്റുമുട്ടല്‍ കൂടിയായിരുന്നു അത്.
അസാമാന്യമായ മനക്കരുത്തും തന്ത്രപരമായ നിലപാടും, യുദ്ധം ചെയ്ത പരിചയവുമാണ് ഇന്ത്യന്‍ സേനയെ തുണച്ചത്. മലനിരകളിലെ കാലാവസ്ഥയും ഇന്ത്യക്കാണ് അനുകൂലമായിരുന്നത്.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് പ്രധാനമന്ത്രി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ചൈനയെ അങ്ങോട്ട് കയറി ‘തുരത്തി’ എന്ന് പറയുന്നത് അന്താരാഷ്ട്ര മര്യാദയല്ലാത്തതിനാലാണ്, പ്രധാനമന്ത്രി അക്കാര്യം തുറന്ന് പറയാതിരുന്നതെന്ന്, മുന്‍ പ്രധാനമന്ത്രിയായ മന്‍ മോഹന്‍ സിംഗ് എങ്കിലും മനസ്സിലാക്കണമായിരുന്നു. തന്റെ ഭരണകാലത്ത് ഭീകരാക്രമണമുണ്ടാകുമ്പോള്‍, ‘മൗനിബാബ’ ആയിരുന്ന മന്‍മോഹന്‍ സിംഗിന് ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിക്കാന്‍ ഒരു അവകാശവുമില്ല.
മന്‍മോഹന്‍ സിംഗിന്റെ കാലത്ത് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരോടും, സിവിലിയന്‍മാരോടും നീതി പുലര്‍ത്താത്ത നാവ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്ത് വന്നത് തികച്ചും പരിഹാസ്യം തന്നെയാണ്.
മന്‍മോഹന്‍ സിംഗിന്റേയും ആന്റണിയുടേയും കാലം സൈനികരുടെ വീര്യം ചോര്‍ത്തിയ കാലം കൂടിയായിരുന്നു.
അതിന് ഏറ്റവും വലിയ ഉദാഹരണം മുന്‍ എയര്‍മാര്‍ഷല്‍ പ്രണാബ് കുമാര്‍ ബാര്‍ബോറയുടെ വെളിപ്പെടുത്തല്‍ തന്നെയാണ്.
നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2008ല്‍ യുപിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയെ പോലും അറിയിക്കാതെ ഒരു എയര്‍സ്ട്രിപ് വീണ്ടും തുറന്നതിന്റെ പിന്നിലെ കഥയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ലഡാക്കിലെ ദൗലത്ത് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപ് ആണ് ഭരിക്കുന്ന സര്‍ക്കാരിനെ പോലും അറിയിക്കാതെ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ തുറന്നിരുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് പഴയ സംഭവത്തിന്റെ പിന്നിലെ രഹസ്യം ബാര്‍ബോറ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനു വേണ്ടിയാണ് ഈ എയര്‍സ്ട്രിപ് നിര്‍മിച്ചിരുന്നത്. 1965നു ശേഷം ഇതു ഉപയോഗശൂന്യമാവുകയായിരുന്നു. പ്രതിരോധപരമായി ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ് ചൈനയുടെ അതിര്‍ത്തിക്ക് തൊട്ടടരുകിലുള്ള ദൗലത്ത് ബെഗ് ഓള്‍ഡി. ലോകത്തു തന്നെ ഏറ്റവും ഉയരത്തിലുള്ള (16,614) അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ട് കൂടിയാണിത്. 2008ല്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് ആയിരിക്കെയാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പോലും അറിയാതെ, ഈ എയര്‍ബേസ് ബാര്‍ബോറ ഇടപെട്ട് തുറന്നിരുന്നത്.
ചുമതലയേറ്റ ശേഷം, തന്റെ അധികാരപരിധിയിലുള്ള 60 എയര്‍ഫോഴ്‌സ് സ്റ്റേഷനുകളുടേയും അവസ്ഥ എയര്‍ കമാന്റ് ചീഫ് പരിശോധിച്ചിരുന്നു. ലഡാക്കില്‍ ഒരു എയര്‍ബേസ് സാധ്യത കൂടി തേടുന്നതിനിടെയാണ് ദൗലത്ത് ബെഗ് ഓള്‍ഡി ശ്രദ്ധയില്‍പ്പെട്ടിരുന്നത്. കാരക്കോറം പാസില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രമാണ് ദൂരം എന്നതും, ഈ എയര്‍ബേസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 1965നു ശേഷം ആധുനിക സൗകര്യങ്ങളുള്ള വിമാനങ്ങള്‍ കുറവായതു മൂലമാണ് ഈ ബേസ് പ്രവര്‍ത്തനരഹിതമായിരുന്നത്.
ഇന്ത്യയുടെ പ്രതിരോധത്തിന് ഏറെ നിര്‍ണായകമായ ഈ ബേസ് തുറക്കാന്‍ അഞ്ചു തവണ എയര്‍ഫോഴ്‌സ് അനുമതി ചോദിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. ഇനി ഇതിനായി അപേക്ഷ നല്‍കിയിട്ട് കാര്യമില്ലെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ എയര്‍ബേസ് തുറക്കാന്‍ എയര്‍ കമാന്റ് ചീഫ് തീരുമാനം എടുത്തത്. അന്നത്തെ എയര്‍ചീഫ് മാര്‍ഷല്‍ ഫാലി ഹോമിയേയും ചീഫ് ജനറല്‍ ദീപക് കപൂറിനേയും കണ്ട് വാക്കാല്‍ അനുമതി തേടിയായിരുന്നു നിര്‍മ്മാണം. ബാര്‍ബോറയുടെ നേതൃത്വത്തിലുളള സംഘം ആ എയര്‍ബേസ് സജീവമാക്കിയതിന് ശേഷം മാത്രമാണ് പ്രതിരോധമന്ത്രി പോലും ഇക്കാര്യം അറിഞ്ഞിരുന്നത്.
എല്ലാം പണിയും പൂര്‍ത്തിയാക്കിയ ശേഷം ബാര്‍ബോറ തന്നെയാണ് ഇക്കാര്യം പ്രതിരോധമന്ത്രിയായ എ.കെ. ആന്റണിയെ അറിയിച്ചിരുന്നത്. ചൈന ചോദിച്ചാല്‍ എന്തു മറുപടി നല്‍കുമെന്നതായിരുന്നു ആന്റണിയുടെ പേടി. ഇക്കാര്യം അദ്ദേഹം ബാര്‍ബോറയോട് ചോദിക്കുകയുമുണ്ടായി. ‘സൈന്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് ഒരു സൈനിക ഉദ്യോഗസ്ഥന്റെ കടമയാണെന്നായിരുന്നു’ ബാര്‍ബോറ ഇതിന് നല്‍കിയിരുന്ന മറുപടി.
ഭൂകമ്പത്തിന്റെ ആശ്വാസപദ്ധതികള്‍ക്കായി അന്ന്, ചൈന സന്ദര്‍ശിക്കാന്‍ ഇരിക്കുകയായിരുന്നു ആന്റണി. എന്നാല്‍ ചൈന സന്ദര്‍ശനത്തില്‍ ഒരു ചോദ്യവും ഈ വിഷയത്തില്‍ ഉയര്‍ന്നിരുന്നില്ലെന്നും മുന്‍ എയര്‍ കമാന്റ് ചീഫ് വ്യക്തമാക്കിയിട്ടുണ്ട്.
2013ല്‍, നാലു എന്‍ജിനുകളുള്ള ഇന്ത്യയുടെ, സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ദൗലത്ത് ബെഗ് ഓള്‍ഡിയില്‍ ഇറങ്ങിയതോടെയാണ് ചൈനയും ഞെട്ടിപ്പോയത്. അമേരിക്കന്‍ ചാരക്കണ്ണുകളെ പോലും അമ്പരപ്പിച്ച സംഭവമായിരുന്നു അത്. ഭരണകൂടം അതിന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചില്ലെങ്കില്‍ സൈന്യം സൈന്യത്തിന്റെ പണിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയായിരുന്നു ഇത്.
ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തിലും, സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്ന കാര്യത്തിലും, വലിയ പരാജയമായിരുന്നു യു.പി.എ സര്‍ക്കാറിന്റെ ഈ കാലഘട്ടം.
ഒറ്റയടിക്ക് എളുപ്പത്തില്‍ കൂട്ടാവുന്ന ഒന്നല്ല പ്രതിരോധ ശക്തി. അതിന് കാലതാമസം സ്വാഭാവികമാണ്. ഇത് മുന്‍കൂട്ടി കണ്ട് നിലപാട് സ്വീകരിക്കാന്‍ ആന്റണിക്കും യു.പി.എ സര്‍ക്കാറിനും കഴിയണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ തന്നെ ഉണ്ടാവില്ലായിരുന്നു.
ലോകത്തിലെ നമ്പര്‍ വണ്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫിനായി ഇപ്പോഴും നാം കാത്തിരിക്കുകയാണ്. അമേരിക്കന്‍ എതിര്‍പ്പ് മറികടന്നാണ് ഈ റഷ്യന്‍ നിര്‍മ്മിത ആയുധ കരാറില്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്.

rafale
ലോകത്തെ ഏറ്റവും മികച്ച പോര്‍വിമാനമായ റഫേല്‍ ഇടപാടും വൈകിയാണ് ഫ്രാന്‍സുമായി നടന്നിരിക്കുന്നത്. ഇതില്‍ ഏതാനും ചിലത് മാത്രമാണ് ഇതിനകം ലഭിച്ചിട്ടുളളത്. അവശേഷിക്കുന്നവയ്ക്കായി കാത്തിരിക്കുകയാണ് സൈന്യം.
ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു തന്നെ, പാക്കിസ്ഥാനിലും ചൈനയിലും ആക്രമണം നടത്താന്‍ ശേഷിയുള്ള പോര്‍വിമാനമാണ് റഫേല്‍.
ഈ രണ്ട് മികച്ച ‘കുന്തമുനകള്‍’ നേരത്തെ തന്നെ ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നെങ്കില്‍, സൈന്യത്തിന് അത് കൂടുതല്‍ കരുത്താകുമായിരുന്നു. എന്തിനേറെ ആധുനിക അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെ പോലും എന്‍.ഡി.എ അധികാരത്തില്‍ വന്നശേഷമാണ് സൈന്യം സ്വന്തമാക്കിയിരുന്നത്.
ബി.ജെ.പിക്ക് അക്കമിട്ട് നിരത്താന്‍ പറ്റാവുന്ന തരത്തില്‍ ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത് ആന്റണിയാണ്.
പ്രതിരോധരംഗത്തെ യു.പി.എയുടെ വീഴ്ച എന്‍.ഡി.എ സര്‍ക്കാര്‍ ശരിക്കും പ്രയോജനപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ബജറ്റില്‍ പ്രതിരോധ വിഹിതത്തിനായി നീക്കിവച്ച വലിയ തുക തന്നെ ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കഴിവുകേട് കൂടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇതുവഴി തുറന്ന് കാട്ടിയിരിക്കുന്നത്.
ഒരേ സമയം, രണ്ടു ശത്രുക്കളെ നേരിടേണ്ട പ്രതിരോധ സംവിധാനമാണ് ഇന്ത്യക്ക് ആവശ്യം. അത് കേന്ദ്രം ഭരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്.
ഏതൊരു രാജ്യവും പ്രഥമ പരിഗണന നല്‍കേണ്ടത് സുരക്ഷയിലാണ്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ ശക്തി സമ്പാദിക്കുക എന്നത് അനിവാര്യമായ കാര്യം തന്നെയാണ്.
അമേരിക്കയെ ആശ്രയിച്ച് മാത്രം ഇന്ത്യക്ക് ഒരിക്കലും മുന്നോട്ട് പോകാന്‍ കഴിയില്ല. സാമ്രാജ്യത്വം അതിന്റെ ആധിപത്യം അവസരം ലഭിക്കുമ്പോള്‍ ഏത് രാജ്യത്തും പ്രയോഗിക്കാന്‍ മടിക്കാറില്ല. അതാണ് അമേരിക്കയുടെയും ചരിത്രം. സ്വയം ശക്തിയാര്‍ജിക്കുക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ഏക പോംവഴി. അതുപോലെ തന്നെ, റഷ്യയെപോലെയുളള ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തുക്കളെ, വിശ്വാസത്തിലെടുക്കുകയും വേണം.
നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് രാജ്യങ്ങള്‍, ഭൂട്ടാനെ പോലെ നമുക്ക് ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട തന്ത്രപ്രധാന ഇടങ്ങളാണ്.
ചൈന ഇവിടങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതിനെതിരെയും പ്രതിരോധം അനിവാര്യമാണ്.
ചൈനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ ചെറുക്കാന്‍ പര്‍വത നിരകളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം നേടിയ സൈനികരെയാണ് ഇന്ത്യയിപ്പോള്‍ വിന്യസിച്ചിരിക്കുന്നത്. ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.
3,488 കിലോമീറ്റര്‍ വരുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് മലനിരകളിലുള്ള യുദ്ധത്തില്‍ ഒരു ദശകത്തിലധികമായി പരിശീലനം നേടിയ പ്രത്യേക സേന എത്തിയത് ചൈനയെ സംബന്ധിച്ച് വലിയ ഭീഷണിയാണ്.
ഇന്ത്യയിലെ ഈ കരുത്തുറ്റ സൈനിക വിഭാഗം ഗൊറില്ല യുദ്ധത്തിലും കര്‍ഗില്‍ യുദ്ധത്തിലേത് പോലെ ഉയര്‍ന്ന മേഖലയില്‍ പോരാടുന്നതിലും പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ്. ഇന്ത്യയുടെ ഈ മാറുന്ന പ്രതിരോധ ‘മുഖം’ കണ്ട് ചൈനയും പാകിസ്ഥാനും മാത്രമല്ല മറ്റു ലോകരാഷ്ട്രങ്ങള്‍ പോലും അന്തംവിട്ടിരിക്കുകയാണിപ്പോള്‍.
Express View