ഇന്ത്യ – ചൈന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത. അമേരിക്കയുടെ ഇടപെടലാണ് ഈ മേഖലയെ ഇപ്പോള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്.
പതിനായിരത്തോളം അമേരിക്കന്‍ സൈനികരെയാണ് ചൈനയെ നേരിടാന്‍ അമേരിക്ക രംഗത്തിറക്കാന്‍ പോകുന്നത്.
ജര്‍മനിയില്‍ നിന്ന് പിന്‍വലിക്കുന്ന സേനാംഗങ്ങളെ ചൈനയെ നേരിടാന്‍ നിയോഗിക്കുമെന്ന്, അമേരിക്കന്‍ വിദേശസെക്രട്ടറി മൈക്ക് പോംപിയോയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ, ചൈനയുടെ ഭീഷണിയില്‍നിന്ന് രക്ഷിക്കാനാണ് ഈ തീരുമാനമെന്നും, ബ്രസല്‍സ് ഫോറം ഉച്ചകോടിയില്‍ പോംപിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണചൈന കടലില്‍ നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ പ്രതിരോധതന്ത്രമാണിത്.
ഇന്ത്യയ്ക്ക് പുറമെ ജപ്പാന്‍, മലേഷ്യ, ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണ ചൈന കടല്‍പ്രദേശം, വിയറ്റ്‌നാം എന്നിരാജ്യങ്ങളാണ് ചൈനയില്‍ നിന്നും ഭീഷണി നേരിടുന്നത്. ഇതില്‍ ചൈന ഏറെ ഭയക്കുന്നത് ഇന്ത്യയെയാണ്. ഇന്ത്യയ്ക്ക് മറ്റുലോകരാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും ചൈനയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അമേരിക്ക പ്രത്യക്ഷത്തില്‍ രംഗത്തിറങ്ങുന്നതോടെ മറ്റുലോകരാജ്യങ്ങള്‍ക്കും ഇനി നിലപാട് വ്യക്തമാക്കേണ്ടി വരും.
സൈനിക-സഹകരണ കരാറുകളില്‍ അമേരിക്കയുമായി മുമ്പ് തന്നെ മോദിസര്‍ക്കാര്‍ ഇരുരാജ്യങ്ങളുമായും ഒപ്പിട്ടിട്ടുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് അമേരിക്ക സേനാവിന്യാസത്തിനൊരുങ്ങുന്നത്.
2018ല്‍ കരാറായ ആശയവിനിമയ, സഹകരണ, സുരക്ഷ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ പെന്റഗണിന് ഇന്ത്യന്‍സേനകളില്‍ ഇടപെടാന്‍ കഴിയും.

US wants
അമേരിക്കന്‍ സൈന്യത്തിന് ഇന്ത്യയുടെ വ്യോമ-നാവികസേനാ താവളങ്ങളില്‍ പ്രവേശിക്കാനും ഉപയോഗിക്കാനും അനുമതി നല്‍കുന്ന ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് ഉടമ്പടിയില്‍ 2016ലും ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്.
മൂന്നാം ലോകമഹായുദ്ധത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന നടപടിയാണിത്.
ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയതാകട്ടെ ചൈനയുമാണ്. സംയമനത്തിന്റെ അന്തരീക്ഷം വന്നിട്ടും പ്രകോപനം സൃഷ്ടിക്കുന്ന നിലപാടാണ് ആ രാജ്യം സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പാങ്‌ഗോങ് തടാക തീരത്തെ ഹെലിപാഡ് നിര്‍മാണം പ്രകോപനപരമാണ്. താടകത്തിന്റെ വടക്കന്‍ കരയിലാണ് നിര്‍മാണം നടന്നിരിക്കുന്നത്. മാത്രമല്ല, നിരവധി സൈനികരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതോടെ യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് ആശങ്ക വര്‍ധിച്ചിരിക്കുന്നത്. ഫിംഗര്‍ 4നും ഫിംഗര്‍ 5നും ഇടയിലെ പ്രദേശമാണിത്. ഫിംഗര്‍ പോയിന്റ് 3യിലാണ് ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്താണ് ചൈന സൈനികബലം വര്‍ധിപ്പിച്ചിരിക്കുന്നത്.
പിന്‍വാങ്ങാനോ, ഏപ്രിലിലെ അവസ്ഥയിലേക്ക് മാറാനോ ചൈനക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കുന്ന നീക്കമാണിത്. ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ചകളെ വിഫലമാക്കുന്ന പ്രവൃത്തിയാണ് ചൈന ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യയുമായി പ്രകോപനത്തിന് വരുന്ന ചൈന സ്വന്തം സൈനികരുടെ നഷ്ടം പോലും ലോകത്തിന് മുന്നില്‍ മറച്ചു പിടിച്ചിരിക്കുകയാണ്.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ പുറത്ത് വിടാതിരിക്കുന്നത് ചൈനയില്‍ വലിയ പ്രതിഷേധമാണ് വരുത്തിവച്ചിരിക്കുന്നത്. ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലും അസംതൃപ്തി വ്യാപകമാണ്.
ഈ പ്രതികൂല സാഹചര്യം കൂടി പരിഗണിച്ചാണ് അതിര്‍ത്തിയില്‍ വീണ്ടും അവര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത്. ദേശീയ വികാരത്തെ ഒപ്പം നിര്‍ത്താനാണ് ചൈനീസ് ഭരണകൂടത്തിന്റെ നീക്കം.
ഇന്ത്യാ വിരുദ്ധ വാര്‍ത്തകളാണ് ചൈനീസ് മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം മാത്രമല്ല, ഇന്ത്യയിലെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണവും ചൈനയില്‍ വലിയ വാര്‍ത്തകളാണ്. വിവിധ ചൈനീസ് കമ്പനികളും ഇന്ത്യയിലെ ജനങ്ങളുടെ ബഹിഷ്‌ക്കരണ നിലപാടില്‍ അസ്വസ്ഥരാണ്.
സ്വന്തം നാട്ടില്‍ പടരുന്ന ഈ അസംതൃപ്തിയാണ് വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചിരിക്കുന്നത്.
ശക്തമായി തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ മാറിയ നിലപാടും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങളും നല്‍കിയിരിക്കുന്നത്.
അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ ഇരട്ടി ആള്‍നാശം ചൈനക്കുണ്ടായതായാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളും, ഇത്തരം നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്.
അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിര്‍ത്തിയ ചൈനയെ സംബന്ധിച്ച് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പ്രഹരമാണിത്.
‘യഥാര്‍ത്ഥ ശത്രുവിന്റെ കരുത്തിനെ ചൈന തിരിച്ചറിഞ്ഞ നിമിഷം’ എന്നാണ് ഒരു യുദ്ധവിദഗ്ദന്‍ ഈ സ്ഥിവിശേഷത്തെ വിലയിരുത്തിയിരിക്കുന്നത്.
ചൈനയെ ‘പൂട്ടാനുള്ള’ സുവര്‍ണ്ണാവസരമായി കണ്ടാണ് അമേരിക്കയില്‍ ഇപ്പോള്‍ കരുക്കള്‍ നീക്കിയിരിക്കുന്നത്. സേനാവിന്യാസം ഇതിന്റെ ഭാഗമാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇടപെടല്‍ നടത്തുകയാണ് ഉദ്ദേശം. ഹോങ്കോങ്ങിനെ മോചിപ്പിക്കേണ്ടതും അമേരിക്കയുടെ അജണ്ടയാണ്. ജപ്പാനും, ചൈനക്കെതിരെ ശക്തമായ നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിച്ച് വിട്ട ചൈനയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണിത്.
ചൈന – പാക്ക് സാമ്പത്തിക ഇടനാഴി ഇന്ത്യന്‍ സേന തകര്‍ക്കുമെന്നും ചൈന ഭയപ്പെടുന്നുണ്ട്. വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഈ പാത ഭാവിയിലെ സേനാ വിന്യാസം കൂടി മുന്‍ നിര്‍ത്തി നിര്‍മ്മിച്ചവയാണ്.
ഈ അപകടം തിരിച്ചറിയുന്ന ഇന്ത്യ അവസരം ലഭിച്ചാല്‍, സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ തന്നെയാണ് സാധ്യത.
പാക്ക് അധീന കശ്മീരിലൂടെ കടന്ന് പോകുന്ന സാമ്പത്തിക ഇടനാഴി ഗ്വാദര്‍ തുറമുഖത്താണ് ചെന്നെത്തി നില്‍ക്കുന്നത്.
ഈ സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യന്‍ സേനയുടെ ഒരാക്രമണം ഏത് നിമിഷവും ലോക രാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ആയുധ ശക്തിയിലും സൈനികരുടെ എണ്ണത്തിലും ചൈന മുന്നിലാണെങ്കിലും തന്ത്രങ്ങളില്‍ കേമന്‍ ഇന്ത്യ തന്നെയാണ്. യുദ്ധം ചെയ്ത പരിചയവും ഭൂമി ശാസ്ത്രപരമായ ആനുകൂല്യങ്ങളും ഇന്ത്യക്കാണ് ഗുണം ചെയ്യുക. മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള നമ്പര്‍ വണ്‍ ആയുധ ശക്തികളുടെ പിന്തുണയും ഇന്ത്യക്കാണുളളത്. ചൈനയുമായി സൗഹൃദത്തിലുള്ള റഷ്യക്കും, ഇന്ത്യയെ വിട്ട് കളിക്കാന്‍ കഴിയുകയില്ല. എക്കാലത്തെയും ഇന്ത്യയുടെ ഉറച്ച സുഹൃത്താണ് റഷ്യ. ഇന്ത്യയുടെ കുന്തമുന തന്നെ റഷ്യന്‍ ടെക്‌നോളജിയില്‍ തീര്‍ത്തിട്ടുളളതാണ്. എസ് 400 ട്രയംഫ് കൂടി എത്തുന്നതോടെ ഇന്ത്യയുടെ ശക്തി കൂടുതല്‍ വര്‍ദ്ധിക്കും. ഏത് ആധുനിക മിസൈലുകളെയും പോര്‍ വിമാനങ്ങളെയും വീഴ്ത്താന്‍ ശേഷിയുള്ള വജ്രായുധമാണിത്.
റഷ്യയുടെ ഈ മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യക്ക് നല്‍കാതിരിക്കാന്‍ ചൈന ഇടപെട്ടിരുന്നെങ്കിലും റഷ്യ വകവച്ചിരുന്നില്ല. എസ് 400 ട്രയംഫ് വാങ്ങുന്നതിന് അമേരിക്ക ഉപരോധ ഭീഷണി ഉയര്‍ത്തിയതിനെ ഇന്ത്യയും തള്ളിക്കളഞ്ഞിരുന്നു. അടുത്ത വര്‍ഷത്തോടെ ഈ ആധുനിക ആയുധം ഇന്ത്യയിലെത്തും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണിപ്പോള്‍ നടന്നു വരുന്നത്.
Express View