രാഹുലിന്‌ ഐക്യദാര്‍ഢ്യം;മഹാരാഷ്ട്ര പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് മിലിന്ദ് ദേവ്‌റ

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് മിലിന്ദ് ദേവ്‌റ. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേരത്തെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും സ്ഥാനം ഒഴിഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി ദീപക് ബാബ്റിയ, വിവേക് തന്‍ഖ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും രാജിവച്ചിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിരവധി നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും താന്‍ ആദ്യം രാജിവയ്ക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രാഹുല്‍ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാത്ത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇത്.

Top